പാലാ: പാലാ ആർ.ഡി.ഒ.യ്ക്ക് താമസിക്കാൻ കാൽ നൂറ്റാണ്ട് മുമ്പ് റവന്യൂവകുപ്പ് പണി തീർത്ത ആർ.ഡി.ഒ. ക്വാർട്ടേഴ്‌സിൽ ഇപ്പോഴത്തെ താമസക്കാർ ആക്രികച്ചവടക്കാർ. ക്വാർട്ടേഴ്സിനു ചുറ്റും ആക്രി സാധനങ്ങൾ കുന്നുകൂടി കിടക്കുന്നു. ആരാണ് ഇവർക്ക് ക്വാർട്ടേഴ്സ് താമസിക്കാനും ആക്രി സാധനങ്ങൾ സൂക്ഷിക്കാനും വിട്ടുനൽകിയതെന്ന് അറിവില്ല. കയ്യേറിയതാവാനേ വഴിയുള്ളൂ.
ആർ.ഡി.ഒ. ക്വാർട്ടേഴ്‌സിൽ ഇതേവരെ മൂന്ന് ആർ.ഡി.ഒ.മാരേ താമസിച്ചിട്ടുള്ളൂ. ഏറ്റവും ഒടുവിൽ ആർ.ഡി.ഒ. ഈനാസാണ് ഇവിടെ താമസിച്ചത്. കഴിഞ്ഞ പതിനഞ്ച് വർഷമായി ക്വാർട്ടേഴ്‌സ് തുറന്ന് പ്രവർത്തിച്ചിട്ടേയില്ല. കാടും പടലും കയറി ഇഴജന്തുക്കളുടെ വാസസ്ഥലമായി ഇവിടം മാറിയിരുന്നു. ആർ.വി. പാർക്കിന് എതിർവശത്താണ് ക്വാർട്ടേഴ്‌സ്. ആദ്യകാലത്ത് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ഉദ്യാഗസ്ഥരായിരുന്നു പാലായിൽ ആർ.ഡി.ഒ. ആയി ചുമതല വഹിച്ചിരുന്നത്. പിന്നീട് തദ്ദേശീയരായ ഉദ്യോഗസ്ഥർ ആർ.ഡി.ഒ. ആയി വന്നപ്പോൾ ക്വാർട്ടേഴ്‌സ് ഉപയോഗിക്കാതെയായി. ഇതോടെ ഇവിടം അവഗണിക്കപ്പെട്ടു തുടങ്ങി. ആക്രികച്ചവടക്കാർ ആർ.ഡി.ഒ. ക്വാർട്ടേഴ്‌സ് കൈയ്യേറിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായുമില്ല.
ഞങ്ങൾ ഏറ്റെടുത്തോളാം: നഗരസഭ
ആർ.ഡി.ഒ. ക്വാർട്ടേഴ്‌സ് റവന്യൂ വകുപ്പിന് വേണ്ടെങ്കിൽ തങ്ങൾ ഏറ്റെടുത്തുകൊള്ളാമെന്ന് പാലാ നഗരസഭ. രേഖാമൂലംതന്നെ ഇക്കാര്യം സംസ്ഥാന സർക്കാരിനെയും റവന്യു വകുപ്പിനെയും അറിയിച്ചുകഴിഞ്ഞു. മീനച്ചിലാറിന്റെ തീരത്ത് റവന്യു പുറമ്പോക്കിൽ ളാലം വില്ലേജിൽ ബ്ലോക്ക് നമ്പർ 80ൽ റീസർവ്വേ നമ്പർ 18/39ൽപെട്ട വസ്തുവിൽ പണിതിരിക്കുന്ന ആർ.ഡി.ഒ. ക്വാർട്ടേഴ്‌സ് തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പാലാ നഗരസഭ കൗൺസിൽ പ്രമേയവും പാസാക്കി. ചെയർമാൻ ഷാജു വി. തുരുത്തൻ അവതരിപ്പിച്ച പ്രമേയത്തിന് ടൗൺ വാർഡ് കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ അനുവാദകയായിരുന്നു.