moshanam

കട്ടപ്പന: കട്ടപ്പന ഐ.ടി.ഐ ജംഗ്ഷന് സമീപമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം. വെള്ളിയാഴ്ച രാത്രി 12.30ന് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഫൈനാൻസ് സ്ഥാപനത്തിന്റെ ഓഫീസിൽ നിന്ന് പതിവില്ലാതെ ശബ്ദം കേട്ടതിനെ തുടർന്ന് സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് താഴത്തെ നിലയിലുള്ള താമസക്കാർ കെട്ടിട ഉടമയെ വിളിച്ച് വിവരം അറിയിച്ചിരുന്നു. കെട്ടിട ഉടമ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. ഒരു ലക്ഷം രൂപയോളം ഓഫീസിലുണ്ടായിരുന്നു. ഇത് സൂക്ഷിച്ചിരുന്ന ലോക്കർ ഉൾപ്പെടെയാണ് മോഷ്ടാവ് അപഹരിക്കാൻ ശ്രമിച്ചത്. ലോക്കർ എടുത്തുകൊണ്ട് പോകുന്നതിനിടയാണ് പൊലീസ് സ്ഥലത്തെത്തിയത്.