
പൊൻകുന്നം: രാത്രിയായാൽ പൊൻകുന്നം ടൗണിനു ചുറ്റുമുള്ള ചെറുറോഡുകൾ ഇരുട്ടിൽ അമരും. ദേശീയപാതയിലും സംസ്ഥാന പാതയിലും കൊട്ടിഘോഷിച്ച് സ്ഥാപിച്ച സോളാർ ലൈറ്റുകളിൽ പലതും മിഴിയടച്ചു. ഇവ തെളിയാതായിട്ട് മാസങ്ങളായി. പഞ്ചായത്ത് വഴിവിളക്കുകളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. തെളിഞ്ഞാൽ തെളിഞ്ഞു. അത്ര തന്നെ. കൃത്യനിഷ്ഠ എന്നത് ഏഴലത്തൂടെ പോയിട്ടില്ല. സോളാർ ലൈറ്റാവട്ടെ, പഞ്ചായത്ത് വഴിവിളക്കാവട്ടെ തെളിയാറേയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തുടങ്ങി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ അവസാനിക്കുന്ന തിരക്കേറിയ പാതയാണ് പോസ്റ്റ് ഓഫീസ് റോഡ്. ഇരുട്ടുവഴി എന്നാണ് നാട്ടുകാർ ഈ വഴിക്ക് ഒാമനപ്പേരിട്ടിരിക്കുന്നത്. ഈ വഴിയിൽ ലൈറ്റുകൾ തെളിയാറേയില്ലെന്നാണ് പരാതി. ഈ റോഡിന്റെ ഇരുവശവും ധാരാളം സ്ഥാപനങ്ങളും വീടുകളുമുണ്ട്. രാവും പകലും വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും തിരക്കുള്ള പാത കൂടിയാണിത്. ടൗണിൽ ഗതാഗത കുരുക്കുണ്ടാകുമ്പോൾ വാഹനങ്ങൾ എൻ.എച്ച് 183ൽ എത്താൻ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. ഇവിടെ വഴിവിളക്കുകൾ തെളിയാതായിട്ട് മാസങ്ങളായി. നാട്ടുകാർ പലപ്രാവശൃം പരാതിപ്പെട്ടിട്ടും ചിറക്കടവ് പഞ്ചായത്ത് അധികാരികാരികളോ വൈദൃുതി അധികൃതരോ തിരിഞ്ഞു നോക്കുന്നില്ല.
തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ അടിയന്തര നടപടി എടുത്തില്ലെങ്കിൽ പഞ്ചായത്ത് ഭരണ സമതിയുടെ അനാസ്ഥയ്ക്കും അവഗണനയ്ക്കുമെതിരെ പഞ്ചായത്ത് പടിക്കൽ സമര പരിപാടികളുമായി മുന്നിട്ടറങ്ങുമെന്ന് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സേവൃർ മൂലകുന്ന് അറിയിച്ചു.