sad

കോട്ടയം: കനത്തമഴ നെൽകർഷകർക്കിടയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. ജൂലായ് 31നകം രണ്ടാംകൃഷി വിത പൂർത്തിയാക്കണമെന്നാണ് കൃഷി വകുപ്പ് നിർദ്ദേശം. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം രണ്ടാംകൃഷിയുടെ വിത നീളാനാണ് സാധ്യത.

മഴ മൂലം കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും പാടശേഖരങ്ങളിൽ രണ്ടാംകൃഷിയുടെ വിത ചിങ്ങത്തിലും പൂർത്തിയാക്കാനാകുമോ എന്ന സംശയത്തിലാണ് കൃഷിവകുപ്പും കർഷകരും. കൃഷി വൈകുന്നത് അടുത്ത പുഞ്ചകൃഷിയെയെും ബാധിക്കും. വർഷത്തിൽ രണ്ട് കൃഷി എന്നത് ഈ വർഷം ഒരു കൃഷിയായി ചുരുങ്ങാനും സാധ്യതയുണ്ട്. ജൂൺ ഒന്നിന് ആരംഭിച്ച് 30ന് വിത പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലെ 30,000 ഹെക്ടർ കൃഷിഭൂമിയിലെ 10,000 ഹെക്ടർ പാടത്താണ് ഇത്തവണ രണ്ടാം കൃഷിയിറക്കുന്നത്. വിത പാതിയിലേറെ പൂർത്തിയായി. ഇനി 2,574.14 ഹെക്ടർ നിലത്താണ് വിതയ്ക്കാനുള്ളത്.

പമ്പിംഗ് മുടങ്ങുന്നു

വൈദ്യുതി മുടക്കത്തെ തുടർന്ന് പാടങ്ങളിൽ പമ്പിംഗ് മുടങ്ങുന്ന അവസ്ഥയുണ്ട്. വിതച്ച വിത്ത് നശിച്ചാൽ പകരം വിത്ത് സബ്സിഡിയായി ലഭിക്കില്ല. കൂടിയ വിലയ്ക്ക് സ്വകാര്യസ്ഥാപനങ്ങളിൽ നിന്ന് വാങ്ങണം. ഗുണനിലവാരകുറവും പ്രശ്നമാണ്.

പണം വിതരണം ചെയ്തിട്ടില്ല

ഒന്നാം കൃഷിയുടെ നെല്ല് സംഭരിച്ചതിന്റെ പണം എസ്.ബി.ഐ ഇനിയും വിതരണം ചെയ്തിട്ടില്ല. പണം അനുവദിച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി പറയുമ്പോഴും സർക്കാരുമായുള്ള വായ്പാ എഗ്രിമെന്റ് പുതുക്കിയിട്ടില്ലെന്നും പണം എത്തിയിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. പി.ആർ.എസും വാങ്ങുന്നില്ല. ഇതിനെതിരെ കർഷകർ പ്രതിഷേധിച്ചിട്ടും നടപടിയില്ല.

ആകെ വിസ്തൃതി : 30,000 ഹെക്ടർ

കൃഷിയിറക്കുന്നത് : 10,000ഹെക്ടർ

ആവശ്യമായ വിത്ത്: 9,00,000 മെട്രിക് ടൺ

വിത്ത് : ഉമ, മനുരത്‌നം

കൃഷിനശിച്ചതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക ലഭിച്ചിട്ട് രണ്ട് വർഷമായി. തോരാമഴ മൂലം രണ്ടാംകൃഷി വിത വൈകി. നേരത്തേ വിതച്ച വിത്ത് നശിച്ചുപോയത് കർഷകർക്ക് അധിക ബാദ്ധ്യത വരുത്തും.

മദൻലാൽ (നെൽകർഷകൻ )