കോട്ടയം: കാൽനട യാത്രക്കാർക്ക് കെണിയൊരുക്കി നഗരമദ്ധ്യത്തിൽ തകർന്ന നടപ്പാതകൾ. ബേക്കർ ജംഗ്ഷൻ, കഞ്ഞിക്കുഴി, എം.സി റോഡ്, കെ.എസ്.ആർ.ടി.സി തുടങ്ങി നിരവധിയിടങ്ങളിലെ നടപ്പാതകളിൽ പലതും തകർന്നു. നടപ്പാതയിലെ ഇന്റർലോക്ക് ടൈലുകൾ തകർന്നതോടെ നടക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. മഴകൂടെ തുടർച്ചയായതോടെ പലതും പായൽ പിടിച്ച നിലയിലാണ്. ഇരുചക്രവാഹനങ്ങൾ നടപ്പാതയിലൂടെ സഞ്ചരിക്കുന്നതും ടൈലുകൾ തകരുന്നതിനിടയാക്കുന്നു. തിരക്കേറിയ റോഡിലേക്ക് കാൽനടയാത്രക്കാർ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. കാലൊന്നു തെറ്റിയാൽ നടുവടിച്ച് റോഡിൽ കിടക്കും. കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനാണ് നടപ്പാതകളെങ്കിലും നഗരത്തിൽ ഇവ നോക്കുകുത്തിയാകുകയാണ്.
നടപ്പാതകൾ കയ്യേറി കച്ചവടങ്ങളും
നടപ്പാതകളിൽ തടസം സൃഷ്ടിച്ചുകൊണ്ടാണ് അനധികൃത പാർക്കിംഗും തട്ടുകടകളും ചെറുകിട കച്ചവടങ്ങളും പൊടിപൊടിക്കുന്നത്. രാത്രികാലങ്ങളിൽ നടപ്പാത കയ്യേറിയാണ് കച്ചവടം. കച്ചവടം കഴിഞ്ഞ് ഉന്തുവണ്ടികളും കച്ചവടസാമഗ്രികളും സൂക്ഷിച്ചു വെയ്ക്കുന്നതും നടപ്പാതകളിലാണ്. റോഡരികിലെ തട്ടുകടകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും സാധന സാമഗ്രികൾ ഇറക്കിവെയ്ക്കുന്നതും ഇവിടെയാണ്. തട്ടുകടയിലെ പാചകത്തിനുപയോഗിച്ച എണ്ണയും മറ്റും നടപ്പാതയിൽ വീഴുന്നത് ദുരിതമായി. ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ വാഹനങ്ങൾ നടപ്പാതയിലൂടെ കയറ്റി ഒാടിക്കാറുണ്ട്. കാൽനട യാത്രക്കാർ എതിരേ നടന്നുവന്നാൽ പോലും ശ്രദ്ധയില്ലാതെ വേഗത്തിലാണ് ഇക്കൂട്ടരുടെ യാത്ര. രക്ഷതേടി കാൽനടക്കാർ നടപ്പാതയിൽ നിന്ന് മാറിക്കൊടുക്കണം. ഓടകൾക്കുമുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബുകളും ഇളകിത്തുടങ്ങിയതോടെ നടപ്പാതകളിൽ കുഴികളും രൂപപ്പെട്ടുതുടങ്ങി. കുഴികളിൽ ചാടി നിരവധി അപകടങ്ങളും സംഭവിക്കാറുണ്ട്.
നടപ്പാതകളിലെ തകർന്ന ടൈലുകൾ നന്നാക്കി അപകടങ്ങൾ ഒഴിവാക്കുന്നതിനായി അധികൃതർ നടപടി സ്വീകരിക്കണം (കാൽനടയാത്രക്കാർ).