ഏറ്റുമാനൂർ: ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ ഒ.പി സേവനം വേണം. ഈ ആവശ്യത്തിന് പഴക്കമുണ്ട്. സാധാരണക്കാരായ നിരവധി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം കൂടിയാണ് ഏറ്റുമാനൂർ നഗരസഭ. കുടുംബാരോഗ്യ കേന്ദ്രത്തിൽ പലപ്പോഴും ആവശ്യത്തിന് മരുന്നില്ല. ഡോക്ടർമാരുടെ സേവനവും ലഭിക്കാറില്ല. ഇവിടുത്തെ ജനങ്ങൾ വൈദ്യസഹായത്തിനായി കോട്ടയം മെഡിക്കൽ കോളേജിനെയോ ജനറൽ ആശുപത്രിയെയോ അല്ലെങ്കിൽ സ്വകാര്യ ആശുപത്രിയേ സമീപിക്കേണ്ട ഗതികേടിലാണ്. മഴക്കാലമായതോടെ വൈറൽ പനി, ഡെങ്കിപ്പനി തുടങ്ങിയവയ്ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുതലാണ്.
24 മണിക്കൂർ ഒ.പി സേവനം ലഭ്യമാക്കുക, ചികിത്സാ നിഷേധം ഒഴിവാക്കുക, ജീവനക്കാരുടെ ജനവിരുദ്ധ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ഏറ്റുമാനൂർ മണ്ഡലം കമ്മറ്റി ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ആശുപത്രി കാഷ്വാലിറ്റിക്ക് മുന്നിൽ സമാപിച്ചു. യോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് തോമസ് പുളിങ്ങാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ്, പി.വി ജോയി, ബിജു, പി.വി മൈക്കിൾ, ടോമി തുടങ്ങിയവർ പങ്കെടുത്തു.