പാലാ: ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ 5 മുതൽ ക്ഷേത്രം മേൽശാന്തി സനീഷ് വൈക്കത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ബലിതർപ്പണം നടക്കും. ഒരേ സമയം ആയിരം പേർക്ക് മഴ നനയാതെ ബലിതർപ്പണം ചെയ്യുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രത്തിൽ അന്നേ ദിവസം പിതൃ നമസ്‌ക്കാരം, തിലഹവനം, വിഷ്ണുപൂജ, സായൂജ്യപൂജ, പിതൃപൂജ തുടങ്ങിയവ നടത്തുന്നതിനും വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ദിവസവും പിതൃതർപ്പണവും പിതൃസായൂജ്യ കർമ്മങ്ങളും നടക്കുന്ന ക്ഷേത്രമാണ് ഇടപ്പാടി ക്ഷേത്രം. അരി വേവിച്ച് വിധിയാംവണ്ണം നിവേദ്യം തയ്യാറാക്കി ദേശകാല സങ്കൽപ്പം ചൊല്ലിയാണ് ഇവിടെ ബലിതർപ്പണം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, ഫോൺ 9447137706, മേൽശാന്തി 9947610 795.

കടപ്പാട്ടൂർ ശ്രീമഹാദേവ സന്നിധിയിലെ കർക്കിടക വാവുബലി ചടങ്ങുകൾ ശനിയാഴ്ച പുലർച്ചെ 5 ന് ക്ഷേത്ര കടവിൽ ആരംഭിക്കും. ക്ഷേത്രക്കടവിലെ ബലിതർപ്പണച്ചടങ്ങുകൾക്ക് കീച്ചേരിൽ നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 9 മുതൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കും.

കർക്കടക വാവുബലി ദിനത്തിൽ ക്ഷേത്രത്തിലെ വിശേഷൽ പൂജകളായ നമസ്‌കാരം, കൂട്ടനമസ്‌കാരം, വിഷ്ണുപൂജ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രക്കടവിൽ ഇത്തവണ വിപുലമായ രീതിയിൽ ബലിതർപ്പണം നടത്തും. ളാലം മഹാദേവക്ഷേത്രകടവ്, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ട് ശ്രീഭഗവതി ക്ഷേത്ര കുളക്കടവ് എന്നിവിടങ്ങളിലും ബലിതർപ്പണം നടത്തും. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്ര സന്നിധിയിൽ പിതൃനമസ്‌കാരം, സായൂജ്യപൂജ, പിതൃപൂജ എന്നിവയുണ്ട്. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.