പൊൻകുന്നം : കർക്കടകത്തിൽ രാമപുരത്തെ നാലമ്പലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസുകളിലേക്ക് ബുക്കിംഗ് തുടങ്ങി. പൊൻകുന്നം ഡിപ്പോയിൽ നിന്നും ആഗസ്റ്റ് നാല്, 10, 11, 15 തീയതികളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഭക്തർക്കും സംഘടനകൾക്കും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. രാമപുരത്തെ നാലമ്പലങ്ങൾ തമ്മിലുള്ള ആകെ ദൂരം 18 കിലോമീറ്റർ മാത്രമായതിനാൽ ഉച്ചപൂജക്ക് മുമ്പ് ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദർശനം പൂർത്തിയാക്കാനാകും.
ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്ത തീർത്ഥാടകരെയാണ് പ്രത്യേക സർവീസുകളിൽ നാലമ്പലങ്ങളിൽ എത്തിക്കുന്നത്. അൻപത് പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒന്നിച്ചു ബുക്ക് ചെയുന്നതിനുള്ള സൗകര്യവുമുണ്ട്. ഫോൺ: 94978 88032.