കോട്ടയം: ജില്ലയിൽ മഴ ശക്തമായതോടെ മലയോരം ആശങ്കയുടെ മുൾമുനയിലാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയാണ് മലയോരജനതയുടെ ഉറക്കംകെടുത്തുന്നത്. കനത്തമഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ജില്ലാ ഭരണകുടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്. ഈരാറ്റുപേട്ട - വാഗമൺ റോഡിലെ രാത്രികാലയാത്ര ആഗസ്റ്റ് നാലുവരെ നിരോധിച്ചു.
വിലക്കേർപ്പെടുത്തി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ആഗസ്റ്റ് നാലുവരെ നിരോധിച്ചതായി കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.
മരങ്ങൾ കടപുഴകി, വൈദ്യതി പണിമുടക്കി
കനത്തമഴയിൽ ജില്ലയിൽ പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകിവീണു... പല സ്ഥലത്തും വൈദ്യുതി ബന്ധം താറുമാറായി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസവുമുണ്ടായി. മഴ തുടരുന്നതിനാൽ കിഴക്കാൻമേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയും വർദ്ധിച്ചു.
കോട്ടയം നഗരമദ്ധ്യത്തിൽ ശാസ്ത്രി റോഡിൽ ഇന്നലെ രാവിലെ മരം കടപുഴകി വീണു. ബാങ്ക് ഓഫ് ഇന്ത്യ ഓഫിസിന് മുന്നിലാണ് മരം വീണത്. അഗ്‌നിശമനസേനയെത്തിയാണ് മരം വെട്ടിമാറ്റിയത്. നാട്ടകം ഗസ്റ്റ് ഹൗസിന് മുമ്പിൽ ഇന്നലെ രാവിലെ ഒൻപതോടെ വലിയ മരം കടപുഴകി വീണു. ഇതോടെ ഗതാഗതവും തടസപ്പെട്ടു. ഗസ്റ്റ് ഹൗസ് പരിസരത്തെ അക്കേഷ്യ മരമാണ് കടപുഴകിവീണത്.
മണിക്കൂറോളം നഗരം ഇരുട്ടിൽ
തിരുവാതുക്കലിൽ നിയന്ത്രണം നഷ്ടമായ പിക്കപ്പ് ജീപ്പ് വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു. രണ്ട് പോസ്റ്റുകൾ ഒടിഞ്ഞതോടെ നഗരത്തിലും പരിസരത്തും മണിക്കൂറുകൾ വൈദ്യുതിതടസം നേരിട്ടു. രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതോടെ തിരുവാതുക്കൽ, കാരാപ്പുഴ, കോട്ടയം നഗരം എന്നിവിടങ്ങളിൽ വൈദ്യുതി ബന്ധവും തടസപ്പെട്ടു. ഇന്നലെ രാവിലെ തിരുവാതിക്കൽ കേരള ബാങ്കിന് മുന്നിലായിരുന്നു അപകടം.
ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണം.
ജോൺ കെ. സാമുവൽ
ജില്ലാ കളക്ടർ