കോട്ടയം: കനത്ത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി കഞ്ഞിക്കുഴി മേൽപ്പാലം. പ്ലാന്റേഷൻ കോർപ്പറേഷന് സമീപത്തെ റോഡിലാണ് വെള്ളക്കെട്ട്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഇല്ലാത്തതിനാലാണ് ഒറ്റമഴയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത്. ചെളി കലർന്ന വെള്ളം ഇരുചക്രവാഹനയാത്രികരെയും കാൽനടയാത്രികരെയും ദുരിതത്തിലാക്കി. തിരക്കേറിയ റോഡിൽ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.
മഴപെയ്‌തൊഴിഞ്ഞാലും ദിവസങ്ങളോളം വെള്ളമൊഴിയാതെ കെട്ടിക്കിടക്കുമെന്ന് യാത്രക്കാർ പറയുന്നു. ദിവസങ്ങൾക്ക് മുൻപുണ്ടായ മഴയെ തുടർന്ന് റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടിരുന്നു. ഇവയിൽ വെള്ളം നിറഞ്ഞനിലയിലാണ്. കുഴിയും വെള്ളക്കെട്ടും അറിയാതെ ഇതുവഴിയെത്തുന്ന ഇരുചക്രവാഹനയാത്രികരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. തിരക്കേറിയ റോഡിൽ മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെ ചെറുവാഹനങ്ങൾ കുഴിയിൽ ചാടുന്നു. അധികൃതരുടെ മൂക്കിന് കീഴെയുള്ള റോഡിൽ വെള്ളക്കെട്ടും കുഴിയും രൂപപ്പെട്ടിട്ടും നടപടിയെടുക്കാതെ മൗനം പാലിക്കുകയാണ് അധികൃതർ.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും റോഡിലെ കുഴികൾ നികത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണം (യാത്രക്കാർ).