
എരുമേലി: എങ്ങനെ കുരുക്കഴിക്കും? എരുമേലിയിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികാരികൾ.
കഴിഞ്ഞ ശബരിമല സീസണിൽ എരുമേലിയിൽ നേരിട്ട അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് ഇത്തവണ ആവർത്തിക്കാതിരിക്കാനാണ് ശ്രമം. ഇതേതുടർന്ന് എരുമേലി ടൗൺ പരിസരങ്ങളിലും പ്രധാന ശബരിമല പാതയിലും കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. ആറ് ഏക്കർ സ്ഥലം ഇതിനായി വേണ്ടിവരുമെന്ന് ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകി. എരുമേലി ടൗൺ പരിസരത്ത് ഭവന നിർമാണ ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിന് പരിഗണിച്ചെങ്കിലും ഇത് ഫലപ്രദമല്ലെന്നാണ് വിലയിരുത്തൽ. നിലവിൽ ഈ സ്ഥലം വികസന പദ്ധതികൾക്കു വിട്ടുകിട്ടാൻ സംസ്ഥാന റവന്യു അസംബ്ലിയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് റവന്യു മന്ത്രി മറുപടി അറിയിച്ചിരുന്നു. നിലവിൽ ദേവസ്വം ബോർഡിന്റെയും മുസ്ലിം ജമാഅത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉൾപ്പടെ ഒരു ഡസനോളം ചെറുതും വലുതുമായ ഗ്രൗണ്ടുകളാണ് എരുമേലി ടൗണിലും പരിസരത്തും പാർക്കിംഗിനുള്ളത്. എന്നാൽ, ഈ സൗകര്യങ്ങൾ പരിമിതമാണ്.
വിവിധയിടങ്ങളിൽ വാഹന പാർക്കിംഗ്
ശബരിമല സീസണിൽ വിവിധയിടങ്ങളിൽ വാഹന പാർക്കിംഗ് സൗകര്യം ക്രമീകരിക്കാനാണ് നീക്കം. ഒരു ദിവസം രണ്ടായിരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന ചെറുതും വലുതുമായ വിവിധ സ്ഥലങ്ങൾ കണ്ടെത്താനാണ് ശ്രമം. ശബരിമല സീസൺ ആരംഭിക്കാൻ ഇനി മൂന്നു മാസം കൂടിയുണ്ട്. ഈ സമയത്തിനുള്ളിൽ അനുയോജ്യമായ പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്തും.