എരുമേലി : പഞ്ചായത്തിലെ പമ്പാവാലി,​ എയ്ഞ്ചൽവാലി വാർഡുകളിൽ ഇനിയും പട്ടയം കിട്ടാനുള്ളത് 600പേർക്ക്. 1600 ഭൂവുടമകളുണ്ട് ഇവിടെ. ഇതിൽ ആയിരം ആളുകൾക്കാണ് ഇതുവരെ പട്ടയം കിട്ടിയത്. ഭൂമിയുടെ ന്യായവില നിശ്ചയിക്കാത്തതിനാൽ പട്ടയം ലഭിച്ചിട്ടും പ്രയോജനമില്ലാത്ത അവസ്ഥയുണ്ടെന്ന് കർഷകർ പറയുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പട്ടയമേള കഴിഞ്ഞിട്ട് മാസങ്ങളായി. എന്നിട്ടും എല്ലാവർക്കും പട്ടയം കിട്ടാത്തതിൽ പ്രതിഷേധമുണ്ട്. പട്ടയം കിട്ടാനുള്ളവർ പട്ടയമേളയിൽ എത്തിയപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിതരണം ചെയ്യുമെന്ന് പറഞ്ഞ് തിരികെ വിടുകയായിരുന്നുവെന്ന് എയ്ഞ്ചൽവാലി വാർഡ് അംഗം മാത്യു ജോസഫ് പറഞ്ഞു. പിന്നീട് ഇതുവരെ തുടർ നടപടികളില്ല. വിവാഹം, വിദ്യാഭ്യാസം, ആശുപത്രി സംബന്ധമായി പണം ആവശ്യമായി വന്നാൽ ഭൂമി വിൽക്കാനോ, ബാങ്ക് വായ്പ എടുക്കാനോ പറ്റാത്ത സാഹചര്യമുണ്ട്. ഭൂമിയുടെ കരമടയ്ക്കാം, കേസുള്ളവർക്ക് കരമടച്ച രസീത് കോടതിയിൽ ജാമ്യത്തിന് ഉപയോഗിക്കാമെന്ന പ്രയോജനമേ ഉള്ളൂവെന്നും പഞ്ചായത്തംഗം പറയുന്നു.