tree

ആണ്ടൂർ: പാലാ മരങ്ങാട്ടുപള്ളി റോഡിൽ ആണ്ടൂർ കോഴിക്കൊമ്പിന് സമീപം ഒരു മരം ചെരിഞ്ഞ് നിൽക്കുന്നത് അധികാരികളാരും കാണുന്നില്ലേ?. സ്കൂൾ കുട്ടികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാരും നൂറുകണക്കിന് വാഹനങ്ങളും സഞ്ചരിക്കുന്ന റോഡാണിത്. കനത്ത മഴയും കാറ്റും ശക്തി പ്രാപിച്ചാൽ അപകടം വല്ലതും സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്. കോഴിക്കൊമ്പ് ബസ് സ്റ്റോപ്പിൽ നിന്ന് കേവലം അമ്പത് മീറ്റർ മാത്രം അകലത്തിൽ നിൽക്കുന്ന ഈ കൂറ്റൻ ആഞ്ഞിലി മരം മറിഞ്ഞുവീണാൽ ഉണ്ടാകുന്ന ദുരന്തം ഗുരുതരമായിരിക്കും.

റോഡിലേക്ക് ചാഞ്ഞാണ് മരം നിൽക്കുന്നത്. വലിയ വാഹനങ്ങൾ ഈ ഭാഗത്ത് മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുത്താൽ മരത്തിൽ ഉരയുമെന്നുറപ്പ്.

കഴിഞ്ഞ ദിവസത്തേതുപോലെ ഒരു കാറ്റ് വന്നാൽ മരം മറിഞ്ഞു വീഴുമെന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി കെ.എസ്.ഇ.ബി.യുടെ 11 കെ.വി. ലൈൻ കടന്നുപോകുന്നുണ്ട്. തൊട്ട് എതിർവശത്ത് ഒരു വീടുമുണ്ട്. കുളങ്ങര ഷാബു കെ. ജോൺ എന്ന വീട്ടുടമ 2022 ഫെബ്രുവരി 25 ന് മരങ്ങാട്ടുപള്ളി പഞ്ചായത്തിൽ ചെരിഞ്ഞുനിൽക്കുന്ന മരം അപകടഭീഷണി സൃഷ്ടിക്കുന്നുവെന്ന് കാട്ടി പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് മരം മുറിച്ചുമാറ്റുന്നതിന് പി.ഡബ്ല്യു.ഡി. പാലാ റോഡ്‌സ് അസി. എൻജിനീയർക്ക് കത്ത് നൽകിയിരുന്നു. ട്രീ കമ്മറ്റി ഉദ്യോഗസ്ഥരെത്തി മരത്തിന്റെ വില കണക്കാക്കി പോയതൊഴിച്ചാൽ തുടർനടപടികളൊന്നും ഉണ്ടായില്ല.

പ്രശ്‌നത്തിൽ പാലാ ആർ.ഡി.ഒ. ഇടപെടണം

രണ്ടുവർഷം മുമ്പേതന്നെ ഈ മരം സൃഷ്ടിക്കുന്ന അപകടഭീതിയെപ്പറ്റി രേഖാമൂലം പി.ഡബ്ല്യു.ഡി. അധികാരികൾക്ക് പരാതി നൽകിയിട്ടും ഒരു പ്രയോജനവും ഉണ്ടാകാത്ത സാഹചര്യത്തിൽ മരം എത്രയുംവേഗം മുറിച്ചുമാറ്റുന്നതിന് പാലാ ആർ.ഡി.ഒ. അടിയന്തിര നടപടി സ്വീകരിക്കണം.
നിർമ്മല ദിവാകരൻ, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് അംഗം