കുമരകം : പഞ്ചായത്ത് ഓഫീസിനു മുൻവശത്തെ മൈതാനം വെള്ളക്കെട്ടിൽ. പഞ്ചായത്ത് ഒാഫീസ് കൂടാതെ ഗവ. ഹൈസ്‌കൂളും വൈ.എം.സി.എ തുടങ്ങിയ സ്ഥാപനങ്ങളും മൈതാനത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മൈതാനത്തിന്റെ ഒരു ഭാഗം മണ്ണിട്ടുയർത്തി പുതിയതായി തുടങ്ങിയ സിനിമാ തീയേറ്ററിന് പാർക്കിംഗ് സൗകര്യം ഒരുക്കിയിരുന്നു. മഴ പെയ്താലുടൻ പ്രധാന റോഡിൽ നിന്നും മറ്റും വെള്ളം ഒഴുകിയെത്തി മൈതാനം വെള്ളക്കെട്ടിലാകും. ഒപ്പം കുറ്റിക്കാടുകൾ വളർന്നതിനാൽ ഇഴജന്തുക്കളുടെയും മറ്റു ക്ഷുദ്രജീവികളുടെയും താവളം കൂടിയാണിവിടം വെള്ളക്കെട്ട് ഒഴിവാക്കാൻ തൂമ്പ് സ്ഥാപിച്ച് സ്കൂളിന് പിറകുവശത്തുകൂടെ കാനയുണ്ടാക്കി വെള്ളം ഒഴുക്കി കളഞ്ഞിരുന്നെങ്കിലും കാന അടഞ്ഞത് വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. വെള്ളക്കെട്ടിനൊപ്പം ഒഴുകിയെത്തിയ മാലിന്യവും കൂടിയായതോടെ സമീപത്തെ സ്‌കൂളിലും, പഞ്ചായത്ത് ഓഫീസിലും, കടകളിലുമെല്ലാം കൊതുകുശല്യം കൂടി. സ്‌കൂൾ വിദ്യാർത്ഥികളും നാട്ടുകാരും ഉപയോഗിച്ചിരുന്ന കളിസ്ഥലം കുമരകം ഗവ. ഹൈസ്‌കൂളും, വൈ.എം.സി. എയും തമ്മിലുണ്ടായ അവകാശ തർക്കത്തെ തുടർന്നാണ് കാടുകയറി ഉപയോഗയോഗ്യമല്ലാതായത്.