കോട്ടയം: മഴക്കെടുതിയെ നേരിടാൻ ജില്ല സജ്ജമാണെന്ന് കളക്ടർ ജോൺ വി.സാമുവൽ അറിയിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ അടിയന്തിരയോഗം ചേർന്നു. ദുരന്തസാഹചര്യങ്ങളെ നേരിടാൻ സജ്ജരായിരിക്കാൻ വിവിധ വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകി. ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ ഓഗസ്റ്റ് നാലുവരെ ഹെഡ്ക്വാർട്ടേഴ്‌സ് വിട്ടുപോകാൻ പാടില്ലെന്ന് നിർദ്ദേശം നൽകി. മീനച്ചിൽ താലൂക്കിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ പാലാ ആർ.ഡി.ഒ.യുമായി ചേർന്ന് നിർവഹിക്കുന്നതിന് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. ദുരന്തമുണ്ടായാൽ അടിയന്തര ഇടപെടലുകൾ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ആംബുലൻസുകളും വെളിച്ചസംവിധാനങ്ങളും ജനറേറ്ററുകളുമടക്കം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ക്യാമ്പുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ സുരക്ഷിതമാണോയെന്നും സൗകര്യങ്ങൾ ലഭ്യമാണോയെന്നും ഉറപ്പാക്കണം.
സേവനം പ്രയോജനപ്പെടുത്തും
ആവശ്യമെങ്കിൽ സന്നദ്ധസംഘടനകൾ, ക്ലബുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. ദുരന്തസാധ്യതാ മേഖലകളിലെ കുടുംബങ്ങളുടെ വിശദവിവരങ്ങൾ ശേഖരിച്ച് കളക്‌ട്രേറ്റിനും ബന്ധപ്പെട്ട വകുപ്പുകൾക്കും കൈമാറാനും സൂക്ഷിക്കാനും തഹസിൽദാർമാരെ ചുമതലപ്പെടുത്തി.