കോട്ടയം: വയനാടിനെ പിടിച്ചുലച്ച ഉരുൾപൊട്ടൽ ചർച്ചയാകുമ്പോൾ 'ഗാഡ്ഗിലിനെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ " എന്ന പഴയ മുദ്യാവാക്യം സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിറയുന്നു. നിരവധി പേരാണ് വയനാട്ടിലെ ദുരന്തത്തിന് പിന്നാലെ മാധവ് ഗാഡ്ഗിലിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തത്.
''പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട. നാലോ അഞ്ചോ വർഷം മതി അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത് ഭയപ്പെടുന്നതെന്ന് നിങ്ങൾക്കു തന്നെ മനസിലാകും” മാധവ് ഗാഡ്ഗിലിന്റെ വാക്കുകൾ അറം പറ്റിയതുപോലെന്ന് തെളിയിക്കുന്നതായി പശ്ചിമഘട്ട മലനിരയിലുള്ള വയനാട്ടിലെ ദുരന്തം.
'ഉരുൾപൊട്ടൽ മേഖലകളിൽ കെട്ടിടനിർമാണം അനുവദിക്കില്ലെന്ന തീരുമാനം കൊണ്ട് ചിലർക്ക് പ്രശ്‌നങ്ങൾ ഉണ്ടാകാം. സമൂഹം ഒന്നിച്ചു ചിന്തിച്ച് ഇതിനു പരിഹാരം കാണണം. ഉദ്യോഗസ്ഥരുടെ തീരുമാനം അടിച്ചേല്പിക്കുകയല്ല, എവിടെയൊക്കെ കെട്ടിടം പണിയാം. കൃഷി ചെയ്യാമെന്നതിന് കൃത്യമായ ഭൗമ മാപ്പിംഗ് വേണം. മനുഷ്യന്റെ എല്ലാ ആവശ്യങ്ങൾക്കും ഈ ഭൂപടം ഉപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കർഷകരെ മുഴുവൻ കുടിയൊഴിപ്പിക്കേണ്ടി വരും,ചെറിയ നിർമ്മാണം പോലും നടക്കില്ല തുടങ്ങിയ പ്രചാരണം ശക്തമായി. പ്രതിഷേധങ്ങൾ ശമിപ്പിക്കാൻ സർക്കാർ കസ്‌തൂരിരംഗനെ അദ്ധ്യക്ഷനാക്കി തയ്യാറാക്കിയ റിപ്പോർട്ട് പശ്ചിമഘട്ടത്തെ മരുഭൂമിയാക്കി ഇടയ്ക്ക് ഒരു മരുപ്പച്ചയുണ്ടാക്കുന്നത് പോലെയാണെന്നായിരുന്നു ഗാഡ്ഗിലിന്റെ വിമർശനം.