കോട്ടയം: അടിപ്പാത നിർമ്മാണത്തിനായി അടച്ച മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലൂടെയുള്ള ആർപ്പൂക്കര റോഡ് തുറന്നുകൊടുക്കാനൊരുങ്ങുന്നു. ഒരാഴ്ചയ്ക്കകം ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡ് അടച്ചതോടെ ബസ് സ്റ്റാൻഡിനകത്തുകൂടിയായിരുന്നു എല്ലാ വാഹനങ്ങളും കടന്നുപൊയ്ക്കൊണ്ടിരുന്നത്. ഇത് ബസ് സ്റ്റാൻഡിന്റെ പ്രവർത്തനത്തെ ഉൾപ്പെടെ ബാധിച്ചിരുന്നു. ബസുകൾക്ക് സൗകര്യപ്രദമായി സ്റ്റാൻഡിൽ കയറുന്നതിനും ഇറങ്ങിപ്പോകുന്നതിനുമൊക്കെ പ്രയാസം നേരിട്ടിരുന്നു. തകർന്നുകിടന്ന ബസ് സ്റ്റാൻഡ് റോഡിന്റെ അവസ്ഥ കൂടുതൽ പരിതാപകരമാക്കുകയും ചെയ്തിരുന്നു. ആശുപത്രി കവാടത്തിന് മുൻപിലായി റോഡ് കുഴിച്ച ഭാഗം നികത്തിത്തുടങ്ങി.
നിർമ്മാണവുമായി ബന്ധപ്പെട്ട് മാർച്ച് മാസത്തിലാണ് ഗതാഗതം വഴി തിരിച്ചു വിടുകയും ആശുപത്രിക്ക് മുന്നിലെ റോഡ് അടയ്ക്കുകയും ചെയ്തത്.
അടിപ്പാത നിർമ്മാണം പുരോഗതിയിൽ
അടിപ്പാതയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. കോൺക്രീറ്റിംഗ് വർക്കുകളും ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നുള്ള പ്രവേശന കവാടത്തിന്റെ മേൽക്കൂര നിർമ്മാണവും അടക്കം പൂർത്തീകരിച്ചു. അടിപ്പാതയ്ക്കുള്ളിൽ ലൈറ്റുകൾ സ്ഥാപിക്കലും ടൈലുകൾ പാകുന്ന ജോലികളും മറ്റുമാണ് പൂർത്തിയാകാനുള്ളത്. അടിപ്പാതയുടെ മുകൾഭാഗത്തെയും പുറമേയുമുള്ള നിർമ്മാണ ജോലികൾ പൂർത്തീകരിച്ചതിനെ തുടർന്നാണ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുവാൻ നടപടികൾ ആരംഭിച്ചത്. അടിപ്പാതയുടെ ഇരുവശങ്ങളിലെയും കുഴികൾ മണ്ണിട്ട് നികത്തി മുകളിൽ മെറ്റിൽ നിരത്തി ഉറപ്പിക്കുന്ന ജോലികളാണ് നിലവിൽ നടക്കുന്നത്. നാല് ദിവസങ്ങൾക്കുള്ളിൽ ജോലികൾ പൂർത്തീകരിച്ച് വാഹന ഗതാഗതത്തിന് അനുയോജ്യമാക്കും.
അടുത്തവാരം തുറന്നുകൊടുക്കും
അടുത്തവാരം ആദ്യം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കും. കളക്‌ട്രേറ്റിൽ നടന്ന മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ ഓണത്തിന് മുമ്പായി അടിപ്പാത തുറക്കുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചിരുന്നു. ഭൂഗർഭപാതയിലൂടെയെത്തുന്നവർക്ക് ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ സൗകര്യപ്രദമായി എത്തുന്നതിന് മെഡിക്കൽ കോളേജ് വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ച് മേൽക്കൂര നിർമ്മിക്കും. ഭൂഗർഭപാതയിൽ 24 മണിക്കൂറും സുരക്ഷാജീവനക്കാരെ നിയോഗിക്കുന്നതിനുള്ള സംവിധാനവും ആശുപത്രി വികസന സമിതി ഒരുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു.