marathdii

കോട്ടയം: ഈ മരത്തടികൾ മാറ്റിയേ പറ്റൂ... ഇത് കാൽനടയാത്രക്കാരുടെ അപേക്ഷയാണ്. അപകടം അത്രകണ്ട് തുറിച്ചുനോക്കുകയാണ്. കഞ്ഞിക്കുഴിയിൽ കെ.കെ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മരത്തടികൾ കാൽനടയാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായി മാറി. മരത്തടികൾ മൂലം കാൽനടക്കാർ റോഡിലേക്ക് ഇറങ്ങിനടക്കേണ്ട അവസ്ഥയാണ്. ചീറിപ്പായുന്ന വാഹനങ്ങൾ ഏതുനിമിഷവും യാത്രക്കാരെ ഇടിച്ചുവീഴ്ത്താം. കഴിഞ്ഞദിവസമുണ്ടായ കനത്തമഴയിൽ കഞ്ഞിക്കുഴി ഭാഗത്ത് നിന്നിരുന്ന കൂറ്റൻ തണൽമരവും ജംഗ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്തെ തണൽമരവും റോഡിലേക്ക് കടപുഴകി വീണിരുന്നു. അഗ്നിശമനസേനയെത്തി ഇവ മുറിച്ച് റോഡരികിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും മരത്തടികൾ നടപ്പാതയിൽ കൂട്ടിയിട്ടനിലയിലാണ്. ഇതോടെ വാഹനപാർക്കിംഗും പ്രതിസന്ധിയിലായി. പരാതി ഉയർന്നിട്ടും മരത്തടികൾ റോഡരികിൽ നിന്ന് നീക്കാൻ നഗരസഭ തയാറായിട്ടില്ല.

കൊപ്രത്ത് ഇതേ അവസ്ഥ


കൊപ്രത്ത് റോഡിരികിൽ അപകടാവസ്ഥയിൽ നിന്ന തണൽമരങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുറിച്ചിരുന്നു. ഇവയുടെ അവശിഷ്ടങ്ങളും വീതി കുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇത് വാഹനഗതാഗത്തെ ഉൾപ്പെടെ സാരമായി ബാധിക്കുന്നുണ്ട്.