ദുരന്തസാദ്ധ്യതാ മേഖലകളിൽ പ്രത്യേക ജാഗ്രത
കോട്ടയം: മഴ ശക്തമായതോടെ പ്രകൃതിദുരന്ത സാദ്ധ്യത മുന്നിൽകണ്ട് ജാഗ്രതാനിർദേശവുമായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി. വിവിധ താലൂക്കുകളിലായി 10 ഇടങ്ങളിൽ ഉരുൾപൊട്ടലിനും 60 ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനും 11 ഇടങ്ങളിൽ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിട്ടി റിപ്പോർട്ടിൽ പറയുന്നു. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ തയാറാക്കിയ വിവിധ ദുരന്തസൂചികാ ഭൂപടത്തിലാണ് ജില്ലയിലെ സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി, മീനച്ചിൽ, കാഞ്ഞിരപ്പള്ളി, കോട്ടയം, വൈക്കം താലൂക്കുകളെയാണ് മഴ ഏറ്റവുമധികം ബാധിക്കുക. മലയോരമേഖലയിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുമ്പോൾ കിഴക്ക്,പടിഞ്ഞാറൻ മേഖലകൾ വെള്ളപ്പൊക്കെ ഭീതിയിലാണ്. മീനച്ചിലാർ, മണിമലയാർ തീരപ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം ബാധിക്കുക. മഴ കനത്തതോടെ പഞ്ചായത്ത് തലത്തിൽ ദുരന്തനിവാരണ സമിതികൾ സജ്ജമാക്കിയിട്ടുണ്ട്. മുമ്പ് ഉരുൾപൊട്ടൽ നാശം വിതച്ച കൂട്ടിക്കലും പട്ടികയിലുണ്ട്.
10 ഇടങ്ങൾ ഇവ
മൂന്നിലവ്
പൂഞ്ഞാർ
വടക്കേക്കര
തീക്കോയി
തലപ്പലം
പൂഞ്ഞാർ നടുഭാഗം
പൂഞ്ഞാർ തെക്കേക്കര
കൂട്ടിക്കൽ
പ്ലാപ്പള്ളി
ഇളംകാട്
മുന്നൊരുക്കങ്ങൾ ഇങ്ങനെ
വാഹനങ്ങളും ആംബുലൻസുകളും വെളിച്ചസംവിധാനങ്ങളും ജനറേറ്ററുകളുമടക്കം ലഭ്യമാക്കും
ക്യാമ്പുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കും
പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ ഏകോപനം
സന്നദ്ധസംഘടനകൾ, ക്ലബുകൾ തുടങ്ങിയവരുടെ സേവനം ഉറപ്പാക്കും
ദുരന്തസാദ്ധ്യതാ മേഖലകളിലെ കുടുംബങ്ങളുടെ പട്ടിക സൂക്ഷിക്കണം
എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. പുനരധിവാസ ക്യാമ്പുകൾ തുറക്കാനും ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. മുൻപ് ഉരുൾപൊട്ടിയ മേഖലകളിൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കും.
കളക്ടർ ജോൺ വി.സാമുവൽ