തലയോലപ്പറമ്പ്: വടയാർ ഇളങ്കാവ് എഴുമാന്തുരുത്ത് പ്രധാന റോഡിലെ ആറ്റുതീരം ഇടിച്ചതോടെ മൂവാറ്റുപുഴയാർ കരകവിഞ്ഞൊഴുകാൻ സാദ്ധ്യത. നാട്ടുകാർക്ക് ആശങ്ക. കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായിട്ടാണ് മൂവാറ്റുപുഴയാറിന്റെ കൈവഴിയായ കരിയാറിന്റെ ചക്കാല ഭാഗത്തെ മൺതിട്ട മൂന്നുമാസം മുമ്പ് കെ.എസ്.ടി.പി പൊളിച്ചത്. ഇതാണ് തീരം ഇടിയാൻ കാരണം. ചക്കാല കോളനി, സ്റായിൽ ഭാഗം, മഞ്ഞിപ്പുഴ, തുരുത്തി ഭാഗം തുടങ്ങി 500 ഓളം വീട്ടുകാർ ഭീതിയിലാണ്. ഏത് നിമിഷവും റോഡ് ഉൾപ്പെടെ പുഴ കവർന്ന് പ്രദേശം വെള്ളത്തിനടിയിലാകുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് ശക്തമായ മഴയ്ക്ക് ശമനം ഉണ്ടെന്ന ആശ്വാസം ഉണ്ടെങ്കിലും പുഴയിലെ ശക്തമായ ഒഴുക്കും മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്. സംഭവം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, വില്ലേജ് ഓഫീസർ മോളി ഡാനിയേൽ, ജനപ്രതിനിധികളായ കെ.ആശിഷ്, സേതുലക്ഷ്മി അനിൽകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് കെ.എസ്.ടി.പി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ഈ ഭാഗത്ത് തിട്ട മണ്ണിട്ട് ബലപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് നിർമ്മാണം ഏറ്റെടുത്ത കൺസ്ട്രക്ഷൻ കമ്പനി നിർമ്മാണ പ്രവർത്തനം നിർത്തിപ്പോയിരുന്നു. ഇതിനാൽ മറ്റാരെയെങ്കിലും ഏർപ്പെടുത്തി ഉടൻ അപകടാവസ്ഥ ഒഴിവാക്കുമെന്ന് കെ.എസ്.ടി.പി എ.ഇ ഷൈബി എം.ജെ ഉറപ്പ് നൽകി. ആറ്റുതീരം സുരക്ഷിതമാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
പി.ജെ വർഗീസ് (പ്രദേശവാസി )
മൂന്ന് മാസം മുൻപ് ഈ ഭാഗത്ത് മൺതിട്ട ഇടിച്ച് നിരത്തിയപ്പോൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഉടൻ മണ്ണിട്ട് ബലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു.
ബിപിൻ (പ്രദേശവാസി )
ആറ്റുതീരം അപകടകരമാകും വിധം ഇടിഞ്ഞതിനെ തുടർന്ന് വടയാർ ഇളങ്കാവ് എഴുമാന്തുരുത്ത് പ്രധാന റോഡും പ്രദേശത്തെ 500 ഓളം വീടുകളെയും ഏതു സമയത്ത് പുഴ കവരാൻ സാദ്ധ്യത ഏറെയാണ്. ആറ്റുതീരം നല്ല രീതിയിൽ ബലപ്പെടുത്തി ആശങ്ക അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണം.