ആണ്ടൂർ: തലയ്ക്ക് മുകളിലെ അപകടമൊഴിവാക്കാൻ നടപടികൾ തുടങ്ങി. പാലാ മരങ്ങാട്ടുപള്ളി റോഡിൽ ആണ്ടൂർ കോഴിക്കൊമ്പിന് സമീപം ചെരിഞ്ഞുനിൽക്കുന്ന മരം എത്രയും വേഗം വെട്ടിനീക്കാൻ നടപടി സ്വീകരിക്കുമെന്നും പി.ഡബ്ല്യു.ഡി. പാലാ റോഡ്‌സ് വിഭാഗം അധികാരികൾക്ക് നിദ്ദേശം നൽകിയിട്ടുണ്ടെന്നും ആർ.ഡി.ഒ. കെ.പി. ദീപ പറഞ്ഞു.
മരം വെട്ടിനീക്കുന്നത് സംബന്ധിച്ച് ആർ.ഡി.ഒ.യുടെ ഉത്തരവ് ലഭിച്ചുവെന്നും അതിൻപ്രകാരം മരം മുറിച്ചിട്ടശേഷം ലേലം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും പി.ഡബ്ല്യു.ഡി. പാലാ റോഡ്‌സ് വിഭാഗം അധികൃതർ പറഞ്ഞു. ഇതിനായി വൈദ്യുതി ലൈൻ അഴിച്ചുമാറ്റേണ്ടതുണ്ട്. ലൈൻ മാറ്റിതരണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി.ക്ക് ഇന്നലെതന്നെ കത്ത് കൊടുത്ത് കഴിഞ്ഞതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നേരത്തെ മരം ലേലം ചെയ്യാൻ നടപടികളായെങ്കിലും ആരും ലേലം കൊണ്ടില്ലെന്നും അധികൃതർ പറഞ്ഞു.
ആണ്ടൂർ കോഴിക്കൊമ്പിൽ മരം അപകട നിലയിൽ റോഡിലേക്ക് ചെരിഞ്ഞുനിൽക്കുന്നത് സംബന്ധിച്ച് ''അപകടം തലയ്ക്കു മുകളിൽ'' എന്ന തലക്കെട്ടിൽ കേരള കൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ആർ.ഡി.ഒ മുന്നോട്ട് വന്നത്.