കോട്ടയം: കാർട്ടൂൺ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കാർട്ടൂണിസ്റ്റ് ചെല്ലന് കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം. ഇന്ന് രാവിലെ 10 ന് കാർട്ടൂണിസ്റ്റ് ചെല്ലന്റെ വടവാതൂർ മുള്ളുവേലി വീട്ടിലെത്തി സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കും. കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗമായ തോമസ് ജേക്കബ്, ലളിത കലാ അക്കാദമി സെക്രട്ടറി ബാലമുരളി കൃഷ്ണ, കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, മംഗളം ചീഫ് എഡിറ്റർ സാബു വർഗീസ്, മംഗളം പ്രസിദ്ധീകരണങ്ങളുടെ ജനറൽ എഡിറ്ററായിരുന്ന പി. ഒ. മോഹൻ തുടങ്ങിയവർ പങ്കെടുക്കും.
കാർട്ടൂണിസ്റ്റ് ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലൻ ഒരു കാലഘട്ടത്തിൽ കേരളത്തിലെ കാമ്പസുകളിൽ തുടർച്ചയായി ചിരിയുടെ അലകൾ തീർത്തിട്ടുണ്ട്. ലോലൻ കാൽനൂറ്റാണ്ട് കാലം മലയാളികളെ പൊട്ടി ചിരിപ്പിച്ചു.
ലോലൻ എന്ന കഥാപാത്രത്തെ നെവർ എൻഡിങ് സർക്കിൾ മീഡിയ അനിമേഷനും, വെബ് സീരീസുമായി വീണ്ടും മലയാളികൾക്കിടയിലേയ്ക്ക് എത്തുന്നു. ഇതിന്റെ സമ്മത പത്രം ചടങ്ങിൽ കാർട്ടൂണിസ്സ് ചെല്ലൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ പ്രേംനാഥിനും, കണ്ടന്റ് മേധാവി സായ് വിഷ്ണുവിനും കൈമാറും.
കോട്ടയം വടവാതൂർ സ്വദേശിയായ ചെല്ലന്റെ കലയിലെ തുടക്കം 1970 ൽ സൈൻ ബോർഡുകൾ എഴുതിയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും കാർട്ടൂൺ വരച്ചു. നൂറിലേറെ പുസ്തകങ്ങൾക്ക് കവർ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. പുത്രൻ സരീഷ്.