road

പാലാ: റിവർവ്യൂ റോഡിൽ വലിയപാലത്തിന് സമീപം ഹോട്ടലിനോട് ചേർന്ന് റോഡ് ഇടിഞ്ഞിരിക്കുന്നത് വലിയ അപകടത്തിന് വഴിവെച്ചേക്കുമെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടി.

റിവർവ്യൂ റോഡിന്റെ പുതിയ നിർമ്മാണത്തോട് ചേർന്നാണ് റോഡ് ഇടിഞ്ഞിരിക്കുന്നത്. ഇവിടെ നേരത്തെ വീപ്പകൾ സ്ഥാപിച്ച് പി.ഡബ്ല്യു.ഡി. അധികാരികൾ അപകട സൂചന നൽകിയിരുന്നെങ്കിലും കഴിഞ്ഞ കുറേ നാളുകളായി ഈ വീപ്പകൾ പോലും ഇവിടെയില്ല.

യോഗത്തിൽ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ ഉടൻ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയാണ് പാലായിലെ ഈ ദുരന്തമുഖത്തെക്കുറിച്ച് ആദ്യം കൗൺസിലിന്റെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും ചൂണ്ടിക്കാട്ടി. മഴപെയ്ത് ഈ ഭാഗത്ത് മണ്ണ് കുതിർന്നിരിക്കുകയാണ്. ഒപ്പം മീനച്ചിലാറ്റിലെ വെള്ളത്തിന്റെ തള്ളൽക്കൂടിയാകുമ്പോൾ ഏത് നിമിഷവും അപകടം ഉണ്ടാകാം.

താൽക്കാലിക സംവിധാനം ഏർപ്പെടുത്തും

അതീവ ഗുരുതര സ്ഥിതിവിശേഷമാണിതെന്നും ഇതിന് എത്രയുംപെട്ടെന്ന് പി.ഡബ്ല്യു.ഡി. അധികാരികളുടെ ശ്രദ്ധയിൽപെടുത്തി അടിയന്തരമായി താൽക്കാലിക സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശിക്കുമെന്നും ചെയർമാൻ ഷാജു വി. തുരുത്തൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു. പുതിയ റിവർവ്യൂ റോഡ് രണ്ടുമാസത്തിനുള്ളിൽ തുറക്കാൻ കഴിഞ്ഞേക്കുമെന്നും അപ്പോൾ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ചെയർമാൻ പറഞ്ഞെങ്കിലും അതുവരെ ഈ അപകടസ്ഥിതി തുടരാൻ അനുവദിക്കാനാവില്ലെന്ന് പ്രൊഫ. സതീശ് ചൊള്ളാനിയും ബൈജു കൊല്ലംപറമ്പിലും ചൂണ്ടിക്കാട്ടി.