പാലാ: ശ്രീനാരായണ ഗുരുദേവ തൃക്കൈകളാൽ വേൽപ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ പുണ്യപ്രസിദ്ധമായ കർക്കട വാവുബലിക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ഭാരവാഹികളായ സുരേഷ് ഇട്ടിക്കുന്നേൽ, എം.എൻ. ഷാജി മുകളേൽ, എൻ.കെ. ലവൻ, കരുണാകരൻ വറവുങ്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ പുണ്യപവിത്രവും ആനന്ദഷണ്മുഖ ഭഗവാന്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യം നിറഞ്ഞുനിൽക്കുന്ന സങ്കേതവുമാണ് ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രം.
എല്ലാ ദിവസവും ബലിതർപ്പണവും പിതൃസായൂജ്യ പൂജകളും നടക്കുന്ന ഇടപ്പാടി ക്ഷേത്രത്തിൽ തുലാം, കുംഭം, കർക്കടകം മാസങ്ങളിലെ ബലിതർപ്പണം വളരെ വിശേഷമാണ്. കർക്കടക വാവ് ദിവസം ഒരേ സമയം ആയിരം പേർക്ക് ഇരുന്ന് ബലിതർപ്പണം നടത്തുന്നതിനുള്ള വിശാലമായ പന്തൽ ക്ഷേത്രമൈതാനത്ത് തയ്യാറാക്കിയിട്ടുള്ളതായി ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ബലി തർപ്പണത്തിനും മറ്റ് വഴിപാടുകൾക്കുമുള്ള രസീത് ഭക്തർക്ക് തിരക്കുകൂടാതെ എടുക്കുന്നതിന് കൂടുതൽ കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ തിലഹവനം നടത്തുന്നതിനുള്ള പ്രത്യേക സജ്ജീകരണങ്ങളും പിതൃനമസ്‌കാരം, പിതൃപൂജ, വിഷ്ണുപൂജ, സായൂജ്യപൂജ എന്നിവ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതായി ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിൽ ഒരുക്കങ്ങളായി
പാലാ: കർക്കിടകവാവിനോടനുബന്ധിച്ച് പിതൃതർപ്പണത്തിനൊരുങ്ങി കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രം. ഇതിനായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രക്കടവിൽ ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം ഭാരവാഹികളായ രാമപുരം പി.എസ്. ഷാജികുമാർ, വി.എസ്. ശശികുമാർ, കെ.ആർ. ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതിനയ്യായിരത്തിലധികം പേർ ബലിതർപ്പണത്തിനായി എത്തുമെന്നാണ് പ്രതീക്ഷ.
പ്രധാന തീർത്ഥഘട്ടങ്ങളിൽ ബലിതർപ്പണത്തിനായി ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. ശനിയാഴ്ച രാവിലെ 5ന് ക്ഷേത്ര കടവിൽ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങുകൾക്ക് കീച്ചേരിൽ നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. വാവുബലി ദിനമായ ശനിയാഴ്ച ക്ഷേത്രത്തിൽ വിഷ്ണുപൂജ, നമസ്‌കാരം, കൂട്ടനമസ്‌കാരം, തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബലിതർപ്പണത്തിന് ക്ഷേത്രത്തിൽ എത്തുന്നവർക്കായി രാവിലെ 9 മുതൽ അന്നദാനവും ഉണ്ടായിരിക്കും. ഫോൺ : 9188015448, 8330068377
ഏഴാച്ചേരി: എസ്.എൻ.ഡി.പി. യോഗം 158ാം നമ്പർ ഏഴാച്ചേരി ശാഖാ ഗുരുമന്ദിരത്തിൽ ശനിയാഴ്ച രാവിലെ 7 മുതൽ കർക്കടക വാവുബലി ആരംഭിക്കും. ബിബിൻദാസ് ശാന്തികൾ നേതൃത്വം നൽകും.
പൂവരണി: മഹാദേവക്ഷേത്രത്തിൽ കർക്കടക വാവുബലി ദിനത്തിൽ രാവിലെ 4.30 മുതൽ ക്ഷേത്രക്കടവിൽ ബലി ദർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കൊടുങ്ങൂർ കാട്ടുക്കുന്നേൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. ചിങ്ങം 1 ന് രാവിലെ 5.30 മുതൽ അഖണ്ഡരാമായണ പാരായണം ഉണ്ടായിരിക്കും.
പാലാ: ദക്ഷിണകാശി ളാലം ശ്രീമഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ 4 മുതൽ ബലിതർപ്പണം നടക്കും. സാക്ഷാൽ കാശി വിശ്വനാഥ ക്ഷേത്രത്തിന് മുൻവശത്ത് കിഴക്ക് ഭാഗത്ത് ചുടലക്കാടും വടക്കുഭാഗത്തുകൂടി കിഴക്കോട്ട് ഗംഗയും ഒഴുകുന്നു. ഇതിനു സമാനമായി പാലം ശ്രീ മഹാദേവക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് ചുടലക്കാടും വടക്കുഭാഗത്ത് കൂടി കിഴക്കോട്ട് നദിയും ഒഴുകുന്നു. അതിനാൽ തന്നെ ദക്ഷിണകാശി ളാലം ശ്രീ മഹാദേവക്ഷേത്രക്കടവിൽ പിതൃതർപ്പണം ചെയ്യുന്നത് കാശിയിൽ പിതൃതർപ്പണം ചെയ്യുന്നതിന് തുല്യമായിട്ടാണ് കാലമിതുവരെയും പരിഗണിച്ച് വരുന്നത്. കുന്നപ്പള്ളി ഇല്ലത്ത് കൃഷ്ണകുമാർ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
പിഴക്: എസ്.എൻ.ഡി.പി. യോഗം പിഴക് ശാഖാ ഗുരുദേവക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 6 മുതൽ പിതൃബലി തർപ്പണം നടക്കും. ശിവരാമൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിക്കും. നമസ്‌കാരം, കൂട്ടനമസ്‌കാരം എന്നിവയുമുണ്ട്.