പ്രതിമാസം ലഭിക്കുന്ന വരുമാനത്തിൽ നിന്നും വീണ്ടും ലാഭം നേടാൻ കഴിഞ്ഞാലോ? അത്തരത്തിൽ വലിയൊരു തുക നിങ്ങളുടെ അക്കൗണ്ടിലെത്തിയാൽ അത് ഭാവിയിൽ കൂടുതൽ ഗുണം ചെയ്യും. ചെറിയ നിക്ഷേപങ്ങളിലൂടെ മികച്ച ലാഭം നേടാൻ സാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന ഒരു നിക്ഷേപ പദ്ധതി പരിചയപ്പെടാം. കിസാൻ വികാസ് പത്ര (കെവിപി) എന്നാണ് പദ്ധതിയുടെ പേര്.115 മാസം കൊണ്ട് നിക്ഷേപതുക ഇരട്ടിയാക്കാൻ സാധിക്കുന്ന പദ്ധതിയാണിത്.
ഈ പദ്ധതിക്ക് സർക്കാർ ഏഴര ശതമാനത്തിലധികം പലിശ വാഗ്‌ദ്ധാനം ചെയ്യുന്നുണ്ട്. കെവിപിയിൽ ഒറ്റത്തവണയായോ അല്ലെങ്കിൽ ഘട്ടം ഘട്ടമായോ നിക്ഷേപം നടത്താം. ഘട്ടം ഘട്ടമായിട്ടാണെങ്കിൽ 1000 രൂപ മുതലാണ് നിക്ഷേപം നടത്തേണ്ടത്. കെവിപിയിൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. നിങ്ങൾക്ക് ആവശ്യമുള്ളത്ര നിക്ഷേപിച്ച് കൂടുതൽ ആനുകൂല്യങ്ങൾ സ്വന്തമാക്കാവുന്നതാണ്. കെവിപിയിൽ നോമിനി സൗകര്യവും ലഭ്യമാണ്.
ആർക്കെല്ലാം പദ്ധതിയിൽ ചേരാം
1. പ്രായപൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയിൽ ചേരാം.
2. പ്രായപൂർത്തിയായ മൂന്ന് പേർക്ക് ജോയിന്റ് അക്കൗണ്ടുകളിലായും നിക്ഷേപം നടത്താം.
3. പ്രായപൂർത്തിയാകാത്തവർക്കുവേണ്ടിയും പദ്ധതിയിൽ ചേരാം.
4. പത്ത് വയസിനുമുകളിലുളള പ്രയപൂർത്തിയാകാത്തവർക്ക് സ്വന്തം പേരിൽ തന്നെ അക്കൗണ്ട് ആരംഭിക്കാം.
കാലാവധി പൂർത്തിയാകും മുൻപ് ഏതൊക്കെ സാഹചര്യങ്ങളിൽ പദ്ധതിയിൽ നിന്ന് പിൻമാറാം
1. അക്കൗണ്ട് ഉടമ മരണപ്പെടുമ്പോൾ
2. ജോയിന്റ് അക്കൗണ്ടിലുളള ആരെങ്കിലും ഒരാൾ മരിക്കുമ്പോൾ
3. കോടതിയുടെ ഉത്തരവ് അനുസരിച്ച്
4. നിക്ഷേപം നടത്തി രണ്ട് വർഷവും ആറ് മാസവും പിന്നിടുമ്പോൾ
നിക്ഷേപം ഇരട്ടിയാക്കാൻ
നിക്ഷേപം ഇരട്ടിയാക്കാൻ 115 മാസം വരെ കെവിപിയിൽ തുടരേണ്ടതാണ്. അതായത്, ഈ പദ്ധതിയിൽ 115 മാസത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, ഈ കാലയളവിനുളളിൽ ഈ തുക രണ്ട് ലക്ഷം രൂപയായി മാറും. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ പത്ത് ലക്ഷം രൂപയായി മാറും.