ഇന്ന് ഒരു വീട് വയ്ക്കുമ്പോൾ പ്ളാനും ബഡ്‌ജറ്റും പോലെ മിക്കവരും പ്രാധാന്യം നൽകുന്ന ഒന്നാണ് വാസ്തു. നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒന്നാണ് വാസ്തു ശാസ്‌ത്രം. അതിനാൽ തന്നെ ഇതിന് വലിയ പ്രാധാന്യം ഉണ്ട്. വീട് പണിയുമ്പോഴും വീടിനുള്ളിൽ സാധനങ്ങൾ ക്രമീകരിക്കുമ്പോഴും മിക്കവരും വാസ്തുശാസ്ത്രം പാലിക്കുന്നവരായിരിക്കും. വീട്ടിൽ അടിക്കടിയുണ്ടാവുന്ന പല പ്രതിന്ധികൾക്കും കാരണവും വാസ്തുദോഷമായിരിക്കും. വിട്ടൊഴിയാത്ത രോഗങ്ങൾ, കടബാദ്ധ്യത, മരണം തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും കാരണം വീട്ടിലെ വാസ്‌തുദോഷമായിരിക്കും. എന്നാൽ വീടിന് വാസ്‌തുദോഷമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താനാവും?
ചില വീടുകളുടെ അകത്തേയ്ക്ക് കയറുമ്പോൾതന്നെ നെഗറ്റീവ് എനർജിയുള്ളതായി തോന്നുന്നതായി പലരും പറഞ്ഞുകേൾക്കാറുണ്ട്. കന്നിമൂല ഭാഗത്ത് കിടപ്പുമുറിക്ക് പകരം ടോയ്‌ലറ്റോ അടുക്കളയോ ആണ് പണിതിരിക്കുന്നതെങ്കിൽ ആ വീട്ടിൽ വാസ്‌തുദോഷമുണ്ടാവും. വീടിന്റെ വടക്കുകിഴക്കേ ഭാഗമായ ഈശാനകോണിൽ മതിൽ ഉയർത്തി പണിയുകയോ മറ്റ് നിർമിതികൾ ഉണ്ടാവുകയോ ചെയ്യുന്നത് ദോഷമാണ്.
വീടിനുള്ളിൽ നല്ലപോലെ കാറ്റും വെളിച്ചവും കയറുന്ന തരത്തിലായിരിക്കണം വാതിലുകളുടെയും ജനലുകളുടെയും സ്ഥാനം. കാറ്റ് വീടിനകത്തേയ്ക്ക് പ്രവേശിക്കുമ്പോൾ അതിന് പുറത്തുപോകാനുള്ള വഴിയും ഉണ്ടായിരിക്കണം.
കുടുംബാംഗങ്ങൾക്ക് രോഗം പിടിപെട്ടുകഴിഞ്ഞ് ചികിത്സിച്ചുകഴിഞ്ഞാലും രോഗം ഭേദമാകാതിരിക്കുന്ന അവസ്ഥയുണ്ടാകുന്നുവെങ്കിൽ അവിടെ വാസ്തുദോഷമുണ്ടെന്ന് മനസിലാക്കാം. വീട്ടിലായിരിക്കുമ്പോൾ മാത്രം ഉറക്കവും മടിയും ക്ഷീണവും അനുഭവപ്പെടുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.
ഗൃഹത്തിന്റെ മദ്ധ്യ ഭാഗമായ ഗൃഹമദ്ധ്യ സൂത്രം തടസപ്പെട്ട് കിടക്കുന്നതും നല്ലതല്ല. വാതിലുകളും ജനലുകളും ഗൃഹത്തിന്റെ മദ്ധ്യത്തിൽ നേരെനേരെ വരുന്ന രീതിയിലാണ് ക്രമീകരിക്കേണ്ടത്. നാഡീരോഗങ്ങൾ ഇതിന്റെ സൂചനയാണ്.