തിരൂർ: തിരൂർ ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തെ കെട്ടിടത്തിന്റെ വരാന്തയിൽ വൃദ്ധൻ മരിച്ച നിലയിൽ. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. താനൂർ ചീരാൻ കടപ്പുറം അരയന്റെ പുരയ്ക്കൽ ആബിദിനെയാണ്(35) തിരൂർ സി.ഐ എം.കെ. രമേശ് അറസ്റ്റു ചെയ്തത്.
കോഴിക്കോട് കുറ്റിച്ചിറ തൃക്കോവിൽ ലൈനിൽ താമസക്കാരനായ ചെന്നാലി കുഞ്ഞുമുഹമ്മദിന്റെ മകൻ ഹംസയെയാണ്( 45) തിരൂരിൽ ബീവറേജ് പരിസരത്തെ കെട്ടിടത്തിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടത്. ഏതാനും മാസം മുൻപ് തിരൂരിലെത്തി ബീവറേജ് പരിസരത്ത് അലഞ്ഞു നടക്കുന്നയാളായിരുന്നു ഇയാൾ. മൃതദേഹം കിടന്നിടത്ത് രക്തപ്പാടുകൾ കണ്ടതിൽ സംശയം തോന്നിയ പൊലീസ് പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടി.വികൾ പരിശോധിച്ചപ്പോൾ ഒരാൾ ഹംസയെ ചവിട്ടുന്ന ദൃശ്യം ലഭിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വഷണത്തിൽ പ്രതി ആബിദിനെ പിടികൂടി. തുടർന്ന് തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഹംസ തിരൂരിൽ എത്തിയിട്ട് മാസങ്ങളായി. തിരൂർ ബീവറേജ് ഔട്ട്‌ലെറ്റിന്റെ പരിസരങ്ങളിൽ ചുറ്റിക്കറങ്ങി മദ്യത്തിനുള്ള പണം കണ്ടെത്തി അവിടങ്ങളിൽ തന്നെ കിടന്നുറങ്ങാറാണ് പതിവ്. സംഭവം നടന്ന ദിവസം കേസിൽ അറസ്റ്റിലായ ആബിദ് ഉച്ചയ്ക്ക് രണ്ടോടെ ഹംസയുടെ വയറിന് ചവിട്ടുന്നതായി സി.സ ടി.വിയിൽ ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. തികച്ചും മദ്യപാനിയായ പ്രതി രാത്രിയിൽ ഹംസയെ വീണ്ടും ചവിട്ടുുകയും ചെയ്തിരുന്നു.
ഭക്ഷണം കഴിക്കാതെ മദ്യം മാത്രം കഴിച്ചിരുന്ന ഹംസയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. അതിനാൽ ആന്തരാവയങ്ങൾക്ക് ക്ഷതമേറ്റതാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം. എന്തിനാണ് ഹംസയെ മർദ്ദിച്ചതെന്ന് പ്രതി ആബിദിനോട് ചോദിച്ചപ്പോൾ തനിക്ക് ഓർമ്മയില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്.