ksrtc

അടൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത യുവാവിനോട് ടിക്കറ്റ് ആവശ്യപ്പെട്ട കണ്ടക്ടര്‍ക്ക് പരിഹാസവും അസഭ്യവര്‍ഷവും. കായംകുളത്ത് നിന്ന് പത്തനംതിട്ടയിലെ അടൂരിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ടിക്കറ്റ് ചോദിച്ച അടൂര്‍ ഡിപ്പോയിലെ കണ്ടക്ടറെ കയ്യേറ്റം ചെയ്യാനും യുവാവ് ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കണ്ടക്ടര്‍ മനീഷിനെയാണ് പ്രതി മോശം വാക്കുകള്‍ ഉപയോഗിച്ച് അപമാനിച്ചതും മര്‍ദ്ദിക്കാന്‍ ശ്രമിച്ചതും.

ബസില്‍ കയറിയ ആളകളുടെ എണ്ണവും ടിക്കറ്റ് എടുത്ത ആളുകളുടെ എണ്ണവും പരിശോധിച്ചപ്പോള്‍ യാത്രക്കാരില്‍ ഒരാള്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്ന് മനീഷിന് മനസ്സിലായി. തുടര്‍ന്ന് യുവാവിന്റെ അടുത്തെത്തി ടിക്കറ്റ് ആവശ്യപ്പെട്ടു. എടുത്തിട്ടില്ലെങ്കില്‍ എടുക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രകോപിതനായ യുവാവ് മനീഷിനോട് ദേഷ്യപ്പെടുകയായിരുന്നു. തുടർന്ന് യുവാവ് ബസിനുള്ളില്‍ ബഹളം വയ്ക്കാന്‍ തുടങ്ങുകയും മനീഷിനോട് മോശമായി സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു.

''രണ്ടുലക്ഷം രൂപ ശമ്പളം വാങ്ങുന്നവനാടാ ഞാന്‍, നിനക്ക് കഴിഞ്ഞമാസം ശമ്പളം കിട്ടിയോ, നിന്റെ വീട്ടില്‍ കഞ്ഞികുടിച്ചോ?'' എന്നായിരുന്നു ഇയാളുടെ പരിഹാസം. സംഭവത്തില്‍ മനീഷിന്റെ പരാതിയെ തുടര്‍ന്ന് അടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് എടുത്തിട്ടില്ലെങ്കില്‍ അത് എടുക്കണം എന്ന് പറഞ്ഞതിനാണ് കണ്ടക്ടറെ അപമാനിക്കുന്ന രീതിയില്‍ യുവാവ് പെരുമാറിയതെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.