അരിസോണ: കോപ്പ അമേരിക ടൂർണമെന്റിൽ ഗ്രൂപ്പ് ബിയിലെ നിർണായക പോരാട്ടത്തിൽ മെക്സിക്കോയെ ഗോൾ രഹിത സമനിലയിൽ കുരുക്കി ഇക്വഡോർ ക്വാർട്ടറിൽ കടന്നു. അതേസമയം സമനില വഴങ്ങിയ മെക്സിക്കോ ആദ്യ റൗണ്ടിലേ പുറത്തായി. ക്വാർട്ടറിലെത്താൻ മെക്സിക്കോയ്ക്ക് ജയം അനിവാര്യമായിരുന്നു. അതേസമയം ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ല ഇക്വഡോറിന് മുന്നോട്ട് പോകാൻ സമനില മതിയായിരുന്നു. ഇരുടീമിനും നാല് പോയിന്റ് വീതമാണുള്ളത്.
അരിസോണയിൽ നടന്ന മത്സരത്തിൽ ആധിപത്യം മെക്സിക്കോയ്ക്കായിരുന്നെങ്കിലും ഇക്വഡോർ വലകുലുക്കാൻ കഴിയാതെ പോയത് അവർക്ക് തിരിച്ചടിയായി. തുടക്കം മുതൽ മെക്സിക്കോ ആക്രമണം തുടങ്ങിയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം മെക്സിക്കോയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ തീരുമാനം മാറ്റേണ്ടിവന്നു.ഗില്ലർമോ മാർട്ടിനസിനെ ഫെലിക്സ് ടോറസ് ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി തീരുമാനം വന്നത്.
ഇനി അർജന്റീന
ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് ഇക്വഡോറിന്റെ എതിരാളി. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 6.30 മുതലാണ് അർജന്റീന- ഇക്വഡോർ ക്വാർട്ടർ പോരാട്ടം.