rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ വര്‍ഷങ്ങളില്‍ ജൂലായ് മാസത്തില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ഇൗ വര്‍ഷം ലഭിക്കുമെന്നാണ് പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പും അന്താരാഷ്ട്ര ഏജന്‍സികളും ജൂണ്‍ മാസത്തിലും കേരളത്തില്‍ കൂടുതല്‍ മഴയെന്നാണ് പ്രവചിച്ചിരുന്നതെങ്കിലും അതുണ്ടായില്ല.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം വരെ കേരളത്തില്‍ പെയ്ത മഴയില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ജൂലായ് മാസത്തെ പ്രവചനം സമ്മിശ്രിതമാണൈങ്കിലും കേരളത്തില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. രാജ്യത്ത് പൊതുവിലും ജൂലായില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ മഴ ലഭിക്കാനാണ് സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

ജൂണ്‍ ആദ്യ പകുതിയില്‍ കാലവര്‍ഷക്കാറ്റ് പൊതുവെ ദുര്‍ബലമായതാണ് മഴ കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഉയര്‍ന്ന കിഴക്കന്‍ കാറ്റ് തുടര്‍ന്നതിനാല്‍ ഇടി മിന്നലോടു കൂടിയ മഴയായിരുന്നു ജൂണ്‍ പകുതിയില്‍ കൂടുതലും കേരളത്തില്‍ ലഭിച്ചത്. ജൂണ്‍ 20ന് ശേഷം കേരള തീരത്ത് ന്യുനമര്‍ദ്ദപാത്തി രൂപപ്പെടുകയും കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിക്കാന്‍ തുടങ്ങിയതോടെയും കാലവര്‍ഷത്തിന് പതിയെ ജീവന്‍വച്ചു.

കേരളത്തിനു അനുകൂലമായി ഈ കാലയളവില്‍ കൂടുതല്‍ ചക്രവാത ചുഴികളോ / ന്യുന മര്‍ദ്ദമോ രൂപപ്പെടാത്തതും അതോടൊപ്പം ആഗോള മഴ പാത്തി മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ പ്രതിഭാസവും അനുകൂലമാകാതിരുന്നതും ജൂണില്‍ മഴ കുറയാനുള്ള പല കാരണങ്ങളില്‍ ചിലതാണെന്നും കാലാവസ്ഥ വിഭാഗം നിരീക്ഷണത്തില്‍ പറയുന്നു.

ജൂലായ് മാസത്തിലും പസഫിക്ക് സമുദ്രത്തില്‍ ENSO പ്രതിഭാസവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ( IOD ) പ്രതിഭാസവും ന്യൂട്രല്‍ സ്ഥിതിയില്‍ തുടരാന്‍ സാദ്ധ്യതയുണ്ട്.

അതിശക്തമായ മഴയാണ് കേരളത്തില്‍ വരാനിരിക്കുന്നതെന്നതിനാല്‍ വലിയ മുന്നൊരുക്കങ്ങളാണ് സംസ്ഥാനം നടത്തുന്നതും. മഴക്കാല രോഗങ്ങളെ ഉള്‍പ്പെടെ നേരിടാന്‍ വലിയ സന്നാഹവും ആക്ഷന്‍ പ്ലാനും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വന്നിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.