crime

ഇടുക്കി: ഹോട്ടലില്‍ മുറി ചോദിച്ചെത്തിയ സംഘം ഹോട്ടലുടമയെ മര്‍ദ്ദിച്ച് അവശനാക്കിയതായി പരാതി. ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഞായറാഴ്ചയാണ് സംഭവം. മര്‍ദ്ദനമേറ്റ മരിയ ഹോട്ടല്‍ ഉടമ വാവച്ചനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. വാവച്ചനെ സംഘം മര്‍ദ്ദിച്ചതിന് പിന്നില്‍ ആറ് മാസം മുമ്പ് ബീഫ് കറിയുടെ പേരില്‍ നടന്ന ഒരു വാക്കേറ്റവും തര്‍ക്കവും ആണ് കാരണം.

തങ്ങളുടെ വാഹനത്തില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം ഹോട്ടലില്‍ മുറി വേണമെന്ന് ആവശ്യപ്പെട്ടു. മുറികളൊന്നും ഒഴിവില്ലെന്ന് പറഞ്ഞതിന് പിന്നാലെ സംഘം വാഹനത്തില്‍ കരുതിയിരുന്ന മാരകായുധങ്ങളെടുത്ത് വാവച്ചനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്കും ചെവിക്കും പരിക്കേറ്റ വാവച്ചനെ ആദ്യം നെടുങ്കണ്ടത്തെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് തൊടുപുഴയിലേക്ക് കൊണ്ടുപോയത്.

കൃത്യം ആറ് മാസങ്ങള്‍ക്ക് മുമ്പ് ബീഫ് കറിയുടെ പേരില്‍ നടന്ന ഒരു തര്‍ക്കമാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണം. അന്ന് ഇതേ സംഘം മരിയ ഹോട്ടലില്‍ എത്തി മുറിയെടുത്ത് താമസിച്ചിരുന്നു. ഈ സമയത്ത് അവിടെ നിന്ന് കഴിച്ച ബീഫ് കറിയില്‍ കഷ്ണങ്ങള്‍ കുറവാണ് എന്ന് ആരോപിച്ചാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. ഹോട്ടലില്‍ താമസിച്ചിരുന്ന മറ്റ് ചിലരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തതോടെ ഇവരെ ഹോട്ടലില്‍ നിന്ന് ഇറക്കി വിട്ടിരുന്നു.

ഈ സംഭവത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യം മൂലമാണ് ഞായറാഴ്ച രാത്രിയില്‍ സംഘം ഹോട്ടലില്‍ എത്തി മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ ഉടുമ്പഞ്ചോല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.