sports

ചെന്നൈ: റെക്കാഡുകള്‍ കടപുഴകിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏക വനിതാ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ ഗംഭീര ജയം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയം വേദിയായ ടെസ്റ്റിന്റെ അവസാന ദിനം ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 37 റണ്‍സിന്റെ വിജയ ലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ 9.2 ഓവറില്‍ ഇന്ത്യ മറികടന്നു.

സ്‌കോര്‍: ഇന്ത്യ -603/6 ഡിക്ലയേര്‍ഡ്,37/0. ദക്ഷിണാഫ്രിക്ക-266/10, 373/10

മത്സരത്തിന്റെ അവസാന ദിനമായ ഇന്നലെ 232/2 എന്ന നിലയില്‍ ഫോളോണ്‍ പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 373 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കള്‍ ക്യാപ്ടന്‍ ലൗറ വോള്‍വാര്‍ട്ട് (122) ഇന്നലെ സെഞ്ച്വറി നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ നാദിന്‍ ക്ലര്‍ക്കും (62) തിളങ്ങി ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് 155 ഓവറോളം നീണ്ടു.

ഇന്ത്യയ്ക്കായി അദ്യ ഇന്നിംഗ്‌സില്‍ 8 വികറ്റ് നേടിയ സ്‌നേഹ റാണ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നേടി. ദീപ്തി ശര്‍മ്മ, രാജേശ്വി ഗെയ്ക്വാദ് എന്നിവരും 2 വിക്കറ്റ് വീതം വീഴ്ത്തി.


വെറും 37 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്കായി സ്മൃതിമന്ഥനയ്ക്ക് പകരം ശുഭ സതീഷാണ് (13) ഷെഫാലി വെര്‍മയ്‌ക്കൊപ്പം (24) ഓപ്പണറായി എത്തിയത്. ഇരുവരും അനായാസം ഇന്ത്യയെ വിജയലക്ഷ്യത്തിലെത്തിച്ചു.