finance


കൊച്ചി: വിദേശ രാജ്യങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ക്ക് പ്രിയമേറിയതോടെ ഇന്ത്യയ്ക്കാര്‍ പുറത്തേക്ക് അയക്കുന്ന പണത്തില്‍ റെക്കാഡ് വര്‍ദ്ധന ദൃശ്യമാകുന്നു. ഒരു പതിറ്റാണ്ടിനിടെ വിദേശത്ത് ചെലവഴിക്കുന്ന തുക 29 ഇരട്ടി വര്‍ദ്ധിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3170 കോടി ഡോളറിലെത്തിയെന്ന് ബാങ്ക് ഒഫ് ബറോഡയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.. ഇതില്‍ സിംഹഭാഗവും വിനോദ സഞ്ചാരത്തിനായി നടത്തിയ യാത്രകളുടെ ചെലവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2003-04 വര്‍ഷത്തില്‍ ഇന്ത്യയ്ക്കാര്‍ വിദേശത്ത് ചെലവഴിച്ചത് 110 കോടി ഡോളറായിരുന്നു. ഇന്ത്യയ്ക്കാര്‍ വിദേശത്തേക്ക് കൊണ്ടുപോകുന്ന തുകയില്‍ പ്രതിവര്‍ഷം ശരാശരി 40 ശതമാനം വളര്‍ച്ചയാണുണ്ടായതെന്ന് ബാങ്ക് ഒഫ് ബറോഡയുടെ ധനകാര്യ വിദഗ്ദ്ധരില്‍ ഒരാളായ അതിഥി ഗുപ്ത പറഞ്ഞു.

വിദേശ സഞ്ചാരങ്ങള്‍ക്ക് ഇന്ത്യന്‍ കുടുംബം കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക മേഖല മികച്ച വളര്‍ച്ച നേടുന്നതിനാല്‍ ഇന്ത്യന്‍ മദ്ധ്യ വര്‍ഗം അവധി ആഘോഷങ്ങള്‍ക്ക് ആഭ്യന്തര കേന്ദ്രങ്ങളേക്കാള്‍ വിദേശ രാജ്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ഇതോടൊപ്പം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനയും പുറത്തേക്കുള്ള പണമൊഴുക്കിന് ആക്കം കൂട്ടി.

പ്രവാസി പണമൊഴുക്കും കൂടുന്നു

പത്ത് വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ച തുകയില്‍ 70 ശതമാനം വര്‍ദ്ധനയാണുണ്ടായത്. 2003-04 കാലയളവില്‍ 7,000 കോടി ഡോളറായിരുന്ന പ്രവാസി നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 12,000 കോടി ഡോളറായി ഉയര്‍ന്നു. ലോകത്ത് ഏറ്റവുമധികം പ്രവാസി പണം നേടുന്ന രാജ്യമെന്ന ബഹുമതി ഇത്തവണയും ഇന്ത്യ നിലനിറുത്തി. രണ്ടാം സ്ഥാനത്തുള്ള മെക്സികോയേക്കാള്‍ ഇരട്ടി നിക്ഷേപമാണ് ഇന്ത്യയിലെത്തുന്നത്. അമേരിക്കയില്‍ നിന്നാണ് ഏറ്റവുമധികം പണം ഒഴുകിയെത്തുന്നത്. മൊത്തം റെമിറ്റന്‍സില്‍ 25 ശതമാനം ഇവിടെ നിന്നാണ്. ഗള്‍ഫ് മേഖലയാണ് രണ്ടാം സ്ഥാനത്ത്.