ബാർബഡോസ്: ട്വന്റി-20 ലോകകപ്പിന്റെ ഫൈനൽ വേദിയായ ബാർബഡോസിൽ കനത്ത മഴയു കാറ്റും കാരണം ഇന്ത്യൻ ടീമിന്റെ യാത്ര വൈകുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ബ്രിഡ്‌ജ് ടൗണിലെ എയർപോർട്ട് അടച്ചതിനാൽ ഇന്നലെ മടങ്ങാനിരുന്ന ഇന്ത്യയുടെ യാത്ര മുടങ്ങുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മുതൽ വിമാനത്താവളം അടച്ചിരിക്കുകയാണ്. രാജ്യം ഷട്ട്ഡൗണിലാണ്. വെള്ളത്തിന്റെയും വൈദ്യുതിയുടെയും വിതരണം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പുണ്ട്.
ഇന്ത്യൻ ടീം ഹോട്ടലിൽ തുടരുകയാണ്.എല്ലാവരും സുരക്ഷിതരാണ്. പ്രശ്നങ്ങളൊന്നുമില്ല. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് ടീം നാട്ടിലേക്ക് തിരിക്കും. ചാർട്ടേഡ് വിമാനത്തിൽ നേരിട്ട് ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.70പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.ഡൽഹിയിൽ ഇന്ത്യൻ ടീം പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
ടീമിന്റെ സുരക്ഷയാണ്
പ്രധാനം : ജയ് ഷാ
ഇന്ത്യൻ സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അതിന് ശേഷമേ നാട്ടിൽ ടീമിന് സ്വീകരണം നൽകുന്ന കാര്യങ്ങളെ കുറിച്ച് തീരുമാനിക്കൂവെന്നും ബാർബഡോസിലുള്ള ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. കഴിഞ്ഞദിവസം ചാർട്ടേഡ് ഫ്ലൈറ്റിൽ നേരിട്ട് ടീമിനെ ഡൽഹിയിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിമാനത്താവളം അടച്ചതിനാൽ ആശ്രമം ഉപേക്ഷിക്കേണ്ടി വന്നു. നിലവിലെ സാഹചര്യമനുസരിച്ച് ഒരു വിമാനം പോലും ടേക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും പാടില്ലെന്നാണ്ബാർബഡോസ് ഗവൺമെന്റിന്റെ ഉത്തരവ്.അത് പാലിക്കണം. പ്രകൃതിയോട് യുദ്ധം ചെയ്യാൻ നമുക്കാർക്കും കഴിയില്ല. നല്ല കാലാവസ്ഥയ്ക്കായി കാത്തിരിക്കുകയാണ്. -അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ അഭിനന്ദനം
ട്വന്റി-20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെ പാർലമെന്റിന്റെ ഇരു സഭകളും അഭിനന്ദിച്ചു. രാജയത്തെ യുവാക്കൾക്കും കായിക താരങ്ങൾക്കും ഇന്ത്യൻ ക്രിക്കറ്റ ടീമിന്റെ വിജയം പ്രചോദനമാകുമെന്നും രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള മുഴുൻ അംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്നും ലോക്സഭാ സ്പീക്കർ ഓം ബിർല പറഞ്ഞു.
ഈ ചരിത്ര നേട്ടം രാജ്യത്തെ മുഴവൻ ജനങ്ങളെയും വലിയ സ്വപ്നം കാണാൻ പ്രേരിപ്പിക്കുമെന്ന് രാജ്യസഭാ ചെയർമാൻ ജഗ്‌ദീപ് ധൻകർ അഭിപ്രായപ്പെട്ടു.