ദുബായ്: ഗൾഫിലെ ജോലിയാഗ്രഹിക്കുന്ന മിക്ക പ്രവാസികളുടെയും സ്വപ്‌നങ്ങൾക്ക് വിലങ്ങുതടിയാകുന്ന ഒന്നാണ് ഡ്രൈവിംഗ് ലൈസൻസ്. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ലൈസൻസ് നേടിയെടുക്കാൻ ബുദ്ധിമുട്ടാണെന്ന് മിക്കവാറും പ്രവാസികളും പരാതിപ്പെടുന്നു. യുഎഇയിലെ ഡ്രൈവിംഗ് സ്‌കൂളുകൾ മനഃപ്പൂർവ്വം പഠിതാക്കളെ പരാജയപ്പെടുത്തുന്നുവെന്ന ആരോപണം ശക്തമാണ്. ഇതിൽ പ്രതികരിക്കുകയാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ.
ഡ്രൈവിംഗ് സ്‌കൂളുകാർക്ക് എക്‌സാമിനറുമാരുമായി അടുത്ത ബന്ധമുണ്ടെന്നും ചില പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. യുഎഇ ലൈസൻസ് പോക്കറ്റ് കാലിയാക്കും എന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിലും ചർച്ചകൾ ഉയരുകയാണ്. പഠിതാവിന്റെ കഴിവിനെക്കാളും ഡ്രൈവിംഗ് സ്കൂളുകാരുടെ ഇഷ്ടത്തിനനുസരിച്ചാണ് യുഎഇയിൽ ലൈസൻസ് നൽകപ്പെടുന്നതെന്നും വിമർശനമുണ്ട്.
അതേസമയം, പണത്തിനായി പഠിതാക്കളെ മനഃപ്പൂർവ്വം തോൽപ്പിക്കുകയാണെന്ന ആരോപണം ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ഒന്നടങ്കം തള്ളി. സാമ്പത്തിക ലാഭത്തിനായി ഡ്രൈവിംഗ് സ്കൂളുകൾ പഠന പ്രക്രിയ നീട്ടിക്കൊണ്ടുപോകുന്നുവെന്നത് തെറ്റിദ്ധാരണയാണ്. തങ്ങളുടെ സമീപനം വിദ്യാർത്ഥി കേന്ദ്രീകൃതമാണെന്നും മുൻകൂട്ടി നിശ്ചയിച്ച സമയപരിധിയേക്കാൾ വ്യക്തിഗത പുരോഗതിയിലാണ് ശ്രദ്ധ നൽകുന്നതെന്നും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പറഞ്ഞു.
യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് എമിറേറ്റുകളിലൊന്നിൽ രജിസ്‌റ്റർ ചെയ്‌ത ഡ്രൈവിംഗ് സ്ഥാപനത്തിലേക്ക് അപേക്ഷിക്കണം. തുടർന്ന് അംഗീകൃത ഡ്രൈവിംഗ് സെന്ററിൽ ഒരു ട്രാഫിക് ഫയൽ തുറക്കണം. ശേഷം മുൻകൂർ ഡ്രൈവിംഗ് പരിചയമില്ലാത്ത വ്യക്തികൾ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന 40 മണിക്കൂർ ഡ്രൈവിംഗ് കോഴ്സുകൾ പൂർത്തിയാക്കുകയും വേണം.
ഡ്രൈവിംഗ് സ്ഥാപനങ്ങളിലെ പഠിതാക്കൾ യുഎഇ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ വിവിധ പരീക്ഷകൾ വിജയിക്കേണ്ടതുണ്ട്. തിയറി പരീക്ഷയും യാർഡ് ടെസ്റ്റും ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ ഒരു അസസ്‌മെന്റ് ടെസ്റ്റും ഓൺ-റോഡ് ഡ്രൈവിംഗ് ടെസ്റ്റും വിജയിച്ചിരിക്കണം.