female-employee

ചെറിയ ഹോട്ടലുകൾ തുടങ്ങി ഭീമൻ റെസ്‌​റ്റോറന്റുകളിൽ വരെ കണ്ടുവരുന്ന ഒരു രീതിയാണ് വെയ്റ്റ‌ർമാർക്ക് ടിപ്പ് നൽകൽ. ഉപഭോക്താക്കളോട് മാന്യമായി പെരുമാറുകയും കൃത്യമായ സേവനം ചെയ്യുന്ന ജീവനക്കാർക്ക് മികച്ച ടിപ്പുകൾ ലഭിക്കാറുണ്ട്. അത്തരത്തിൽ ഒരു യുവതി തനിക്ക് ലഭിച്ച ടിപ്പുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തുറന്നുപറഞ്ഞിരിക്കുകയാണ്.

പക്ഷെ യുവതിക്ക് ടിപ്പുകൾ ലഭിച്ചത് മ​റ്റൊന്നിനായിരുന്നു. ജോലി സമയങ്ങളിൽ വേറിട്ട രീതിയിലുളള ഹെയർസ്‌​റ്റൈലുകൾ പരീക്ഷിക്കുന്നതിനാണ് യുവതിക്ക് കൂടുതൽ ടിപ്പുകളും ലഭിച്ചത്. സാം മാക്കോൽ എന്ന യുവതിയാണ് രസകരമായ അനുഭവം ടിക്ക്‌ടോക്ക് വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.പുതിയ ട്രെൻഡായ സെർവർ ഹെയർ തിയറിയുലൂടെയാണ് കൂടുതൽ പണം ലഭിച്ചതെന്നും യുവതി വീഡിയോയിൽ പറയുന്നു.

'തന്റെ ബ്രൗൺ നിറത്തിലുളള മുടിയെ മനോഹരമായ രീതിയിൽ ഒരു സ്‌കാർഫ് ഉപയോഗിച്ച് അലങ്കരിച്ചതിന് ടിപ്പായിട്ട് 310 ഡോളർ (ഏകദേശം 26,000 രൂപ) ലഭിച്ചു. തൊട്ടടുത്ത ദിവസം മ​റ്റൊരു ഹെയർസ്​റ്റൈൽ പരീക്ഷിച്ചതിന് 428 ഡോളർ (ഏകദേശം 36,000 രൂപ) ലഭിച്ചു. മൂന്നാമത്തെ ദിവസം മെസി ബൺ സ്​റ്റൈലാണ് പരീക്ഷിച്ചത്. അതിന് 392 ഡോളർ (ഏകദേശം 33,000 രൂപ) ലഭിച്ചു. അടുത്ത ദിവസം ടിപ്പായിട്ട് 465 ഡോളർ (ഏകദേശം 39,000 രൂപ) കിട്ടി. അതാണ് ഇതുവരെ ലഭിച്ച ടിപ്പുകളിൽ വലുത്'- യുവതി വീഡിയോയിൽ പറഞ്ഞു.

വീഡിയോ ഇതിനകം തന്നെ വൈറലായി. വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ വസ്ത്രധാരണവും ഹെയർസ്‌​റ്റൈലുകളും ഉപഭോക്താക്കൾ ശ്രദ്ധിക്കാറുണ്ടെന്ന് ഒരാൾ പ്രതികരിച്ചു. ചിലർ ഹോട്ടലുകളിൽ പിന്തുടരേണ്ട കാര്യങ്ങളും പ്രതികരണങ്ങളായി രേഖപ്പെടുത്തി.