sebex-2

ശത്രുരാജ്യങ്ങൾക്ക് താക്കീതുമായി പുതിയൊരു സ്‌ഫോടക വസ്‌തു തദ്ദേശീയമായി വികസിപ്പിച്ച് പ്രതിരോധ മേഖലയെ ഒന്നുകൂടി ശക്തിപ്പെടുത്തി ഇന്ത്യ. ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ചാണ് രാജ്യം കരുത്തുകാട്ടിയിരിക്കുന്നത്. സെബെക്സ് -2 എന്നാണ് പുതിയ പോരാളിക്ക് പേര് നൽകിയിരിക്കുന്നത്. നാഗ്പൂരിലെ ഇക്കണോമിക് എക്സ്‌പ്ളോസീവ്സ് ലിമിറ്റഡാണ് (ഇഇഎൽ) മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ സെബെക്സ് -2 വികസിപ്പിച്ചത്.

ബോംബ്,​ പീരങ്കി ഷെൽ,​ മിസൈൽ പോർമുനകൾ എന്നിവയുടെ പ്രഹരശേഷി പുതിയ സ്‌ഫോടക വസ്തു ഉപയോഗിച്ച് പതിൻമടങ്ങ് വർദ്ധിപ്പിക്കാം. നാവികസേന സെബെക്സ് -2ന്റെ പ്രഹരശേഷി സർട്ടിഫൈ ചെയ്തു കഴിഞ്ഞു. പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിയാകുന്നതോടെ ഉപയോഗത്തിൽ വരും. ആറുമാസത്തിനകം സെബെക്‌സ് തയ്യാറാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതുൾപ്പെടെ മൂന്ന് പുതിയ സ്ഫോടക വസ്തുക്കൾ എക്സ്‌പ്ളോസീവ്സ് ലിമിറ്റഡ് വികസിപ്പിച്ചതായാണ് വിവരം.

നിലവിൽ ലഭ്യമായ ഘരരൂപത്തിലുള്ള സ്ഫോടകവസ്തുക്കളേക്കാൾ ശക്തമായ സ്ഫോടന പ്രഭാവം സെബെക്‌സിന് ഉണ്ടാക്കാൻ സാധിക്കും. ലോകത്തിലെ ഏറ്റവും ശക്തമായ പരമ്പരാഗത സ്ഫോടകവസ്തുവായി നാവികസേന സെബെക്‌സിനെ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ സേനയ്ക്ക് വൻ കരുത്താകുന്നതിനൊപ്പം കയറ്റുമതിയുടെ വലിയൊരു ലോകവും സെബെക്സ്-2 തുറക്കുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടുമുള്ള സൈന്യങ്ങൾ തങ്ങളുടെ നിലവിലെ ആയുധ സംവിധാനങ്ങൾ നവീകരിക്കാൻ ശ്രമിക്കുന്നതിനാൽ സെബെ‌ക്‌സ് ഇന്ത്യൻ സമ്പദ്‌ഘടനയിലും വലിയ കുതിപ്പുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ട്രിനിട്രോടോലുയിൻ (ടിഎൻടി) രാസസംയുക്തമാണ് പൊതുവെ യുദ്ധമുനകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. മഞ്ഞ നിറത്തിലുള്ള, ഓർഗാനിക് നൈട്രജൻ കോമ്പൗണ്ടായ ഇത് ഡിറ്റോനേറ്റർ ഇല്ലാതെ പ്രവർത്തിക്കില്ല. ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന രാസ സ്‌ഫോടക വസ്തുവും ടിഎൻടിയാണ്. യുദ്ധോപകരണങ്ങളിൽ ഉപയോഗിക്കുന്ന ടിഎൻടി കെട്ടിടങ്ങൾ ഉൾപ്പെടെ പൊളിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ഒരു സ്ഫോടകവസ്തുവിന്റെ പ്രകടനം അളക്കുന്നത് ടിഎൻടി തുല്യതയുടെ അടിസ്ഥാനത്തിലാണ്. ഉയർന്ന ടിഎൻടി തുല്യതയുള്ള സ്ഫോടകവസ്തുക്കൾ കൂടുതൽ മാരകവും വിനാശക ശക്തിയുള്ളതുമാണ്. ടിഎൻടിയുടെ രണ്ടുമടങ്ങ് പ്രഹരശേഷിയുണ്ട് സെബെക്സിന്. ഇത് ഹൈ മെൽറ്റിംഗ് എക്സ്‌പ്ളോസീവ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ആർട്ടിലറി ഷെല്ലുകൾ, ഏരിയൽ ബോംബുകൾ തുടങ്ങിയവയിലും സെബെക്സ് ഉപയോഗിക്കാം.

ലോകമെമ്പാടുമുള്ള പരമ്പരാഗത പോർമുനകൾ, ഏരിയൽ ബോംബുകൾ, മറ്റ് നിരവധി വെടിമരുന്നുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ‌ഡെൻറ്റെക്‌സ്/ടോർപെക്‌സ് പോലെയുള്ള പരമ്പരാഗത സ്ഫോടകവസ്തുക്കൾക്ക് ടിഎൻടി അനുപാതം 1.25-1.30 ആണെന്ന് വിദഗ്ദ്ധർ പറയുന്നു. സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിലാണ് ഇന്ത്യയുടെ ഏറ്റവും മാരകമായ സ്‌ഫോടക വസ്തു ഉപയോഗിക്കുന്നത്. ഇതിന്റെ ടിഎൻടി അനുപാതം 1.50 ആണ്.

സെബെക്സ് -2 ഉപയോഗത്തിൽ വരുന്നതോടെ ഇന്ത്യയുടെ വജ്രായുധങ്ങൾ എത്ര കരുത്തനായ ശത്രുവിന്റെയും പേടിസ്വപ്നമായി മാറും. ഒക്ടോജൻ എന്നും അറിയപ്പെടുന്ന ഹൈ മെൽറ്റിംഗ് എക്സ്‌പ്ളോസീവുകളുടെ ചൂടും തീയും ശത്രുപാളയത്തെ ഒന്നാകെ ചുട്ടെരിക്കും. ടിഎൻടി 1.25 -1.30 അനുപാതമാണ് ലോകരാജ്യങ്ങൾ പോർമുനകളിൽ ഉപയോഗിക്കുന്നത്. സെബെക്സ് -2ന് ഇതിന്റെ ഇരട്ടിയിലേറെ ശേഷിയുള്ളതിനാൽ ഇന്ത്യയോട് മുട്ടാൻ ചൈന ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങൾ മടിക്കും.

അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു വമ്പനും


ടിഎൻടിയേക്കാൾ 2.3 ശതമാനം പ്രഹരശേഷിയുള്ള മറ്റൊരു സ്‌ഫോടക വസ്തു സെബെക്ഡസിന് പുറമെ ഇഇഎൽ വികസിപ്പിക്കുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്യുന്നു. ഇഇഎല്ലിന്റെ ആദ്യ തെർമോബാറിക് സ്‌ഫോകട വസ്‌തുവാണിത്. സിറ്റ്‌ബെക്‌സ്-1 എന്ന് പേരുനൽകിയിരിക്കുന്ന ഇതിനും ഇന്ത്യൻ നാവികസേന അംഗീകാരം നൽകിയെന്നാണ് വിവരം.

നീണ്ട സ്‌ഫോടന ദൈർഘ്യമാണ് സിറ്റ്‌ബെക്‌സിന്റെ പ്രത്യേകത. ശത്രുബങ്കറുകൾ, തുരങ്കങ്ങൾ എന്നിവ ലക്ഷ്യം വച്ചായിരിക്കും ഇത് പ്രയോഗിക്കുക. ഇന്ത്യൻ നാവികസേന സാക്ഷ്യപ്പെടുത്തിയ മറ്റൊരു സ്‌ഫോടക വസ്തുവാണ് സിമെക്‌സ്-4. സംഭരിക്കുന്നതിനും കൊണ്ടുപോകുന്നതിനും കൈകാര്യം ചെയ്യുന്നതിനും സാധാരണ സ്ഫോടക വസ്തുക്കളേക്കാൾ സുരക്ഷിതമാണ് സിമെക്‌സ് എന്ന് അധികൃതർ പറയുന്നു.

ഇഇഎൽ വികസിപ്പിച്ച മറ്റൊരു സ്ഫോടക വസ്തുവാണ് നാഗാസ്ത്ര 1. ഇത് ഒരു കിലോഗ്രാം ഭാരമുള്ള പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ഇവ ജിപിഎസിന്റെ സഹായത്തോടെ രണ്ട് മീറ്റർ ചുറ്റളവിലുള്ള വസ്തുക്കളിൽ കൃത്യമായ സ്‌ട്രൈക്ക് നടത്തുന്നു. ശത്രു പരിശീലന ക്യാമ്പുകൾ, നുഴഞ്ഞുകയറ്റക്കാർ, ലോഞ്ച് പാഡുകൾ എന്നിവയെ ആക്രമിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.