പെനാൽറ്റി ഷൂട്ടൗട്ടിൽ സ്ളൊവേനിയയെ തോൽപ്പിച്ച് പോർച്ചുഗൽ ക്വാർട്ടറിൽ
പെനാൽറ്റി പാഴാക്കിയും പെനാൽറ്റിയടിച്ചും വികാരനിർഭരനായി ക്രിസ്റ്റ്യാനോ
ഫ്രാങ്ക്ഫുർട്ട് : അധിക സമയത്ത് കിട്ടിയ പെനാൽറ്റി കിക്ക് ഗോളാക്കാനാകാതെ പൊട്ടിക്കരയുകയും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടപ്പോൾ പതിവ് വിപരീതമായി ടീമിനുവേണ്ടി ആദ്യ കിക്ക് തന്നെയെടുത്ത് ഗോളാക്കാൻ ധൈര്യം കാട്ടിയും നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വികാരനിർഭര രംഗങ്ങൾ സൃഷ്ടിച്ച പ്രീ ക്വാർട്ടർ ഫൈനലിൽസ്ളൊവേനിയയെ മറികടന്ന് പോർച്ചുഗൽ യൂറോ കപ്പ് ഫുട്ബാളിന്റെ ക്വാർട്ടറിലെത്തി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകൾക്കും ഗോളടിക്കാൻ കഴിയാതിരുന്ന മത്സരത്തിന്റെ ഷൂട്ടൗട്ടിൽ സ്ളൊവേനിയ എടുത്ത മൂന്ന് കിക്കുകളും തട്ടിയകറ്റിയ പോർച്ചുഗീസ് ഗോളി ഡീഗോ കോസ്റ്റയാണ് മത്സരത്തിൽ ഹീറോയായത്. പോർച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോയെക്കൂടാതെ ബ്രൂണോ ഫെർണാണ്ടസും ബെർനാഡ് സിൽവയും ഷൂട്ടൗട്ടിൽ സ്കോർ ചെയ്തു. വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഫ്രാൻസാണ് പോർച്ചുഗലിന് എതിരാളികൾ.
ഗ്രൂപ്പ് റൗണ്ടിൽ ഒരു ഗോൾ പോലുമടിക്കാൻ കഴിയാതിരുന്ന ക്രിസ്റ്റ്യാനോയുടെ നായകത്വത്തിൽ പ്രീ ക്വാർട്ടറിനിറങ്ങിയ പോർച്ചുഗൽ മത്സരത്തിലുടനീളം മുന്നിട്ടുനിന്നെങ്കിലും വലകുലുക്കാനായില്ല. തുടക്കം മുതൽ ആവേശത്തിലായിരുന്ന ക്രിസ്റ്റ്യാനോ പലതവണ ശ്രമങ്ങൾ നടത്തിയെങ്കിലും സ്ളൊവേനിയൻ പ്രതിരോധപ്പൂട്ട് പൊളിക്കാനായില്ല. ഇരുപകുതികളിലുമായി നാലു ഫ്രീകിക്കുകൾ തൊടുത്തതിൽ മൂന്നെണ്ണവും വലയ്ക്ക് മുകളിലേക്ക് പറന്നുപോയി. ഒന്ന് ഗോളിയുടെ കയ്യിലൊതുങ്ങുകയും ചെയ്തു. ബ്രൂണോ ഫെർണാണ്ടസും സിൽവയും റാഫേൽ ലിയോയും നടത്തിയ മുന്നേറ്റങ്ങളും ഫലം കണ്ടില്ല. മറുവശത്ത് സ്ളൊവേനിയൻ താരങ്ങൾ ചില കൗണ്ടർ അറ്റാക്കുകൾ നടത്തിയെങ്കിലും എതിർ ബോക്സിലെത്തുംമുമ്പ് മുനയൊടിഞ്ഞുപോയി.
അധികസമയത്തും പോർച്ചുഗീസ് താരങ്ങളാണ് ആക്രമണത്തിൽ മുന്നിട്ടുനിന്നത്.അധികസമയത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഡയാഗോ ജോട്ടയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പോർച്ചുഗലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. സ്വാഭാവികമായും കിക്കെടുക്കാനെത്തിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. പക്ഷേ അവിടെ നിഭാഗ്യം ക്രിസ്റ്റ്യാനോയെ ചതിച്ചു. ഇടത്തേക്ക് ഡൈവ് ചെയ്ത സ്ളൊവേനിയൻ ഗോളി ഒബ്ളാക്ക് കിക്ക് തട്ടിക്കളഞ്ഞു. ഇതോടെ നിരാശനായ ക്രിസ്റ്റ്യാനോ അധിക സമയത്തിന്റെ ആദ്യ പകുതിക്ക് പിരിയുമ്പോൾ വിങ്ങിക്കരഞ്ഞുതുടങ്ങിയിരുന്നു. ഇടവേളയിൽ തങ്ങളുടെ നായകനെ ചേർത്തുപിടിച്ച് ആത്മവിശ്വാസം പകരുന്ന പോർച്ചുഗൽ താരങ്ങളെയാണ് കണ്ടത്.
അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ ഗോളടിക്കാൻ സ്ളൊവേനിയയ്ക്ക് ഒരു സുവർണാവസരം ലഭിച്ചതാണ്. പെപ്പെയുടെ അസാധാരണമായ ഒരു പിഴവിൽ നിന്ന് കിട്ടിയ പന്തുമായി ഓടിക്കയറിയ ബെഞ്ചമിൻ സെസ്കോയ്ക്ക് ഗോളി മാത്രം മുന്നിൽനിൽക്കെ ലഭിച്ച ചാൻസാണ് മിസായത്.പോർച്ചുഗീസ് ഗോളി ഡീഗോ കോസ്റ്റ ഷൂട്ടൗട്ടിൽ കാഴ്ചവയ്ക്കാനിരുന്ന വിസ്മയത്തിന്റെ സാമ്പിളായിരുന്നു കാലുവിടർത്തിയുള്ള ആ സേവ്. ഇരുടീമുകളും സ്കോർ ചെയ്യാതിരുന്ന 120 മിനിട്ടുകൾക്ക് പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്ളൊവേനിയയുടെ ആദ്യ കിക്ക് പാഴായപ്പോൾ ക്രിസ്റ്റ്യാനോ തന്നെ പോർച്ചുഗലിന്റെ ഒന്നാം കിക്കെടുക്കാനെത്തി. സാധാരണ ഗതിയിൽ ഷൂട്ടൗട്ടുകളിൽ അവസാന കിക്കാണ് ക്രിസ്റ്റ്യാനോ എടുക്കുക. ഷൂട്ടൗട്ടിലെ തന്റെ കിക്ക് ഗോളാക്കിയ ശേഷം ആദ്യ പെനാൽറ്റി നഷ്ടത്തിന് ഗാലറിയിലെ കാണികളോട് കൈകൂപ്പി മാപ്പപേക്ഷിച്ചാണ് ക്രിസ്റ്റ്യാനോ മടങ്ങിയത്. പിന്നാലെ ഡീഗോ കോസ്റ്റയുടെ കരിയർ ബെസ്റ്റ് പ്രകടനത്തിൽ പോർച്ചുഗൽ അവസാന എട്ടിലേക്ക് കാലെടുത്തുവച്ചു.