ഉറുഗ്വയോടും തോറ്റ് അമേരിക്ക കോപ്പ അമേരിക്കയിൽ നിന്ന് പുറത്ത്
ഉറുഗ്വേ, പാനമ ക്വാർട്ടർ ഫൈനലിൽ
ന്യൂയോർക്ക് : ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ആതിഥേയരായ അമേരിക്ക കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ നിന്ന് ക്വാർട്ടർ കാണാതെ പുറത്ത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മുൻ ചാമ്പ്യന്മാരായ ഉറുഗ്വേയാണ് അമേരിക്കയെ തോൽപ്പിച്ചത്.ഇതോടെ ഉറുഗ്വേയും മറ്റൊരു മത്സരത്തിൽ ബൊളീവിയയെ 3-1ന് തോൽപ്പിച്ച പാനമയും ക്വാർട്ടറിലെത്തി.
തുടർച്ചയായ മൂന്നാം ജയവുമായി സി ഗ്രൂപ്പിലെ ഒന്നാമന്മാരായാണ് ഉറുഗ്വേ ക്വാർട്ടറിലെത്തിയിരിക്കുന്നത്. അമേരിക്കയ്ക്ക് എതിരായ മത്സരത്തിൽ 66-ാം മിനിട്ടിൽ മത്യാസ് ഒലിവേറയാണ് ഉറുഗ്വേയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഉറുഗ്വേ ഒൻപത് പോയിന്റ് കരസ്ഥമാക്കി. 22-ാം മിനിട്ടിൽ ജോസ് ഫയാദോ,79-ാം മിനിട്ടിൽ എഡ്വാർഡോ ഗ്വിറേറോ,90+1-ാം മിനിട്ടിൽ സെസാർ യാനിസ് എന്നിവർ നേടിയ ഗോളുകൾക്കാണ് പാനമ ബൊളീവിയയെ തോൽപ്പിച്ചത്. ഗ്രൂപ്പിൽ ഉറുഗ്വേയോടുമാത്രം തോറ്റ പാനമ ആറു പോയിന്റുമായാണ് രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ഉറപ്പിച്ചത്.
ആദ്യ മത്സരത്തിൽ ബൊളീവിയയെ തോൽപ്പിച്ചെങ്കിലും തുടർന്ന് പാനമയോടും ഉറുഗ്വയോടും തോൽക്കേണ്ടിവന്നതാണ് ആതിഥേയർക്ക് തിരിച്ചടിയായത്.മൂന്ന് പോയിന്റുകൾ മാത്രമാണ് അമേരിക്കയ്ക്ക് നേടാൻ കഴിഞ്ഞത്.ബൊളീവിയയ്ക്ക് പോയിന്റൊന്നും നേടാനായില്ല.