money
MONEY

മുംബയ്: ഈ മാസം 13ന് യുപിഐ പേമെന്റ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. അതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ ആവശ്യത്തിന് പണം കയ്യില്‍ കരുതണമെന്നാണ് ബാങ്ക് നല്‍കുന്ന അറിയിപ്പ്. ജൂലായ് 13ന് പുലര്‍ച്ചെ 3 മണി മുതല്‍ 3.45 വരേയും 9.30 മുതല്‍ 12.45 വരേയും ഓണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങും. തങ്ങളുടെ സിസ്റ്റം മുഴുവനും അപ്‌ഡേറ്റ് ചെയ്ത് നവീകരിക്കുന്നതിന്റെ ഭാഗമായുള്ള തടസമാണ് ബാങ്ക് തങ്ങളുടെ ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിച്ചിരിക്കുന്നത്.

ബാങ്കിന്റെ പ്രവര്‍ത്തനക്ഷമതയും ശേഷിയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നവീകരണ കാലയളവില്‍ നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ ലഭ്യമാകില്ലെന്ന് ബാങ്ക് അറിയിച്ചു. കൂടാതെ, ഐഎംപിഎസ്, നെഫ്റ്റ്, ആര്‍ടിജിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട്-ടു-അക്കൗണ്ട് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍, ബ്രാഞ്ച് ട്രാന്‍സ്ഫര്‍ എന്നിവയുള്‍പ്പെടെയുള്ള ഒരു ഫണ്ട് ട്രാന്‍സ്ഫര്‍ സേവനങ്ങളും ലഭ്യമാകില്ല.

ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്, 2024 ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം 7:30 ന് മുമ്പ് ആവശ്യത്തിനുള്ള പണം പിന്‍വലിക്കാനും എല്ലാ ഫണ്ട് ട്രാന്‍സ്ഫറുകളും മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട് . അതേ സമയം ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളെ ഇത് ബാധിക്കില്ലെന്നും ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് ട്രാന്‍സ്ഫര്‍ നടക്കില്ലെങ്കിലും ഈ ദിവസം ഇഎംഐ തിരിച്ചടവുള്ളവരുടെ അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ മറ്റ് ബുദ്ധിമുട്ടുണ്ടാകില്ലെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.