ഖാൻ യൂനിസ്: ഇസ്രയേൽ തടവറയിൽ താനുൾപ്പെടെയുള്ള പാലസ്തീനികൾ നേരിട്ടത് കൊടിയ പീഡനമാണ് ഗാസയിലെ അൽശിഫ ആശുപത്രി മേധാവി ഡോ. മുഹമ്മദ് അബു സെൽമിയ. ഏഴുമാസം മുമ്പ് ഇസ്രയേൽ സേന പിടിച്ചുകൊണ്ടുപോയി തടവിൽ പാർപ്പിച്ച മുഹമ്മദ് അബു സെൽമിയ ഉൾപ്പെടെ 50 തടവുകാരെ കഴിഞ്ഞദിവസമാണ് മോചിപ്പിച്ചത്. ഹമാസിന്റെ കേന്ദ്രമെന്ന് ആരോപിച്ചാണ് നവംബറിൽ അൽശിഫ ആശുപത്രി ആക്രമിച്ച് ഇസ്രായേൽ സൈന്യം ഇവരെ പിടികൂടിയത്. പല തരത്തിലും തങ്ങളെ പീഡിപ്പിച്ചെന്നും മിക്കവാറും എല്ലാ ദിവസങ്ങളിൽ തടവുകാരെ മർദിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിൽ തന്റെ തല പൊട്ടുകയും കൈവിരലിൽ ഒടിവിണ്ടായെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരോടും മോശമായി പെരുമാറി. ചികിത്സ കിട്ടാത്തതിനാൽ പലരുടെയും കൈകാലുകൾ മുറിച്ചുമാറ്റേണ്ടിവന്നതായും അബു സെൽമിയ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നവംബർ 22ന് യു.എൻ നേതൃത്വത്തിൽ രോഗികളെ ആശുപത്രിയിൽനിന്ന് ഒഴിപ്പിക്കുന്നതിനിടെയാണ് അബു സെൽമിയയെ കസ്റ്റഡിയിലെടുത്തത്. തന്റെ തടങ്കൽ രാഷ്ട്രീയ പ്രേരിതമായിരുന്നു. മൂന്ന് തവണ തന്നെ കോടതിയിൽ ഹാജരാക്കി. എന്നാൽ, ഒരിക്കലും കുറ്റം ചുമത്തുകയോ അഭിഭാഷകരുമായി സംസാരിക്കാൻ സമ്മതിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അൽശിഫ ആശുപത്രി ഡയറക്ടറുടെ ആരോപണത്തെ കുറിച്ച് ഇസ്രായേൽ അധികൃതർ പ്രതികരിച്ചിട്ടില്ല. അബു സെൽമിയയെ വിട്ടയച്ച നടപടിയെ ഇസ്രയേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ വിമർശിച്ചു. തങ്ങളുടെ അഭിപ്രായം തേടാതെയാണ് ഇവരെ മോചിപ്പിച്ചതെന്ന് അവർ പറഞ്ഞു.
ഗാസയിലെ ഷുജയ പ്രദേശത്ത് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു
ഗാസയിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യം അടിയന്തരമായി ഒഴിപ്പിക്കാൻ ഉത്തരവിട്ടതിനാൽ നൂറുകണക്കിന് പാലസ്തീൻ രോഗികൾ യൂറോപ്യൻ ഹോസ്പിറ്റലിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി.
ഖാൻ യൂനിസിലെ കൂടാര ക്യാമ്പുകളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോയി.
ഒക്ടോബർ 7 മുതൽ ഗാസയ്ക്കെതിരായ ഇസ്രയേലിന്റെ യുദ്ധത്തിൽ 37,925 പേർ കൊല്ലപ്പെടുകയും 87,141 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളിൽ ഇസ്രയേലിൽ മരിച്ചവരുടെ എണ്ണം 1,139 ആയി. നൂറുക്കണക്കിന് ആളുകൾ ഇപ്പോഴും ഗാസയിൽ ബന്ദികളാക്കിയിരിക്കുകയാണ്.