bhole-baba

ഹത്രാസ്: നൂറിലധികം പേരുടെ ദാരുണ മരണത്തിനിടയാക്കിയ ഹത്രാസ് ദുരന്തത്തിന് കാരണമായത് ഭോലെ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആത്മീയ ആചാര്യന്റെ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ്. സത്‌സംഗം നടത്തിയ ശേഷം മടങ്ങിപ്പോകുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടാണ് 107പേർ മരിച്ചത്. സൗരഭ് കുമാർ എന്നയാളാണ് ഈ ഭോലെ ബാബ എന്ന ആത്മീയ ആചാര്യനായി മാറിയത്. ഉത്തർപ്രദേശ് പൊലീസിലെ ഇന്റലിജൻസ് വിഭാഗത്തിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ എന്നാണ് റിപ്പോർട്ടുകൾ. 17 വർഷത്തെ സർവീസിന് ശേഷം ജോലി ഉപേക്ഷിച്ച് ഇദ്ദേഹം പ്രഭാഷണത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു.

പട്യാലിയിലെ സകർ വിശ്വ ഹരി ബാബ എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നുണ്ട്. ഭാര്യയോടൊപ്പവും ഇദ്ദേഹം സത്‌സംഗം സംഘടിപ്പിച്ചിട്ടുണ്ട്. ഒരു ദർശനം ലഭിച്ച ശേഷം ജോലിയിൽ നിന്നും സ്വയം വിരമിച്ചാണ് അദ്ദേഹം സത്‌സംഗത്തിൽ മുഴുകിയത്. ഹത്രാസിൽ എല്ലാ ചൊവ്വാഴ്‌ചയും സ‌ത്‌സംഗം സംഘടിപ്പിച്ചിരുന്നു. മുൻപ് കൊവിഡ് കാലത്തും ഭോലെ ബാബയുടെ സത്‌സംഗം പ്രദേശത്തെ ഭരണകൂടത്തിന് വലിയ തലവേദന സൃഷ്‌ടിച്ചിരുന്നു. ഫറൂഖാബാദ് ജില്ലയിൽ 2022 മേയിൽ 50 പേർക്ക് മാത്രമായി സത്‌സംഗം നടത്തുന്നതിന് അദ്ദേഹം അനുമതി ചോദിച്ചിരുന്നു. എന്നാൽ അന്ന് 50,000ലധികം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. ബാബയ്‌ക്ക് മടങ്ങുന്നതിനായി അനുയായികളെ തടഞ്ഞ് കാർ കടത്തിവിടുന്നതിനിടെ വലിയ ചൂടിൽപെട്ടാണ് ഇത്രയധികം ആളുകൾ മരിച്ചത്.

സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് അനശോചനം അറിയിച്ച രാഷ്ട്രപതി പരിക്കേറ്റവർക്ക് വേഗം ഭേദമാകാൻ പ്രാർത്ഥിക്കുന്നതായും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവരും അനുശോചനം അറിയിച്ചു.

കേന്ദ്രം ഉത്തർപ്രദേശ് സർക്കാരിന് എന്ത് സഹായവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാർലമെന്റിൽ നടപടികൾക്കിടെയാണ് പ്രധാനമന്ത്രി വിവരം അറിയിച്ചത്. പരിപാടിയ്ക്ക് ശേഷം മടങ്ങമ്പോൾ കടുത്ത ചൂടായിരുന്നെന്നും പുറത്തേക്ക് ഇറങ്ങാൻ ചെറിയ വഴിയിലൂടെ എല്ലാവരും തിക്കിതിരക്കിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് രക്ഷപ്പെട്ട ഒരാൾ പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ഹത്രാസ് സന്ദർശിക്കും.