ponmudi

വിതുര: കല്ലാർ മേഖലയിൽ അടിക്കടിയുണ്ടാകുന്ന അപകടമരണങ്ങൾക്ക് തടയിടാനായി ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. പൊൻമുടിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ച സുരക്ഷിതത്വ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് കല്ലാർ നദിയുടെ വിവിധ ഭാഗങ്ങളിൽ ഫെൻസിംഗ് നിർമ്മിക്കുന്നത്. ഫെൻസിംഗ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.

എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്. പൊൻമുടി സന്ദർശിക്കാനെത്തുന്ന യുവസംഘങ്ങളുടെ മടക്കയാത്ര കല്ലാർനദിയിൽ കുളിച്ചതിനുശേഷമാണ്. കുളിക്കുന്നതിനിടെ അനവധി യുവാക്കൾ നദിയിലെ മണൽക്കയങ്ങളിൽ മുങ്ങിമരിച്ചിട്ടുണ്ട്. കല്ലാർ മുതൽ ചെറ്റച്ചൽ വരെയുള്ള ഭാഗത്താണ് കൂടുതലും പേർ മുങ്ങിത്താഴുന്നത്. പത്ത് വർഷത്തിനിടയിൽ 21 പേരാണ് കുളിക്കുന്നതിനിടയിൽ കല്ലാർ നദിയുടെ വിവിധ ഭാഗങ്ങളിലായി മുങ്ങി മരിച്ചത്. കയത്തിൽ മുങ്ങിത്താണ അനവധി പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിട്ടുണ്ട്.

രണ്ടാഴ്ച മുൻപ് താവയ്ക്കൽ കടവിലും ചെറ്റച്ചൽ ഭാഗത്തുമായി മൂന്ന് പേർ മുങ്ങി മരിച്ചിരുന്നു. 2023ൽ കല്ലാറിൽ അനവധി പേർ മുങ്ങി മരിച്ചതിനെ തുടർന്ന് വിതുര പൊലീസും വനപാലകരും നദിയിൽ കുളിക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൂടുതൽ മുങ്ങി മരണങ്ങൾ നടന്ന വട്ടക്കയം മേഖലയിൽ ഉൾപ്പെടെ മുള്ളുവേലികൾ കെട്ടി നിരോധനം ഏർപ്പെടുത്തി. വിതുര, പൊൻമുടി പൊലീസും പരിശോധനകൾ തുടർന്നതോടെ അപകടമരണങ്ങൾക്ക് ഒരുപരിധി വരെ തടയിടാൻ സാധിച്ചു. എന്നാൽ കല്ലാറിലെ മറ്റ് മേഖലകളിൽ സഞ്ചാരികൾ എത്തുകയും നദിയിൽ കുളിക്കാനിറങ്ങുകയും അപകടമരണങ്ങൾ തുടരുകയും ചെയ്തു.