euro-cup

റൊമേനിയയെ പ്രീ ക്വാർട്ടറിൽ 3-0ത്തിന് തോൽപ്പിച്ചു

മ്യൂണിച്ച് : മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് റൊമേനിയയുടെ പോരാട്ടം അവസാനിപ്പിച്ച് ഹോളണ്ട് യൂറോ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ആദ്യ പകുതിയിൽ കോഡി ഗാപ്കോ നേടിയ ഗോളിന് മുന്നിട്ടുനിന്ന ഹോളണ്ട് രണ്ടാം പകുതിയുടെ അവസാന സമയത്ത് ഡോണിൽ മാലെൻ നേടിയ ഇരട്ടഗോളുകൾക്കാണ് വിജയം ആധികാരികമാക്കിയത്.

20-ാം മിനിട്ടിൽ ഇടതുവിംഗിൽ നിന്ന് സൈമൺസ് നൽകിയ പന്തുമായി പ്രതിരോധത്തെ വെട്ടിച്ചുകയറിയാണ് കോഡി ഗാപ്കോ ഹോളണ്ടിന്റെ ആദ്യ ഗോൾ നേടിയത്. ഈ ഗോളിൽ ഓറഞ്ചുപടയെ കുരുക്കിയിടാമെന്നായിരുന്നു റൊമേനിയയുടെ കണക്കുകൂട്ടലുകൾ. എന്നാൽ കളി തീരാൻ മിനിട്ടുകൾ ശേഷിക്കവേ മാലന്റെ ഇരട്ട പ്രഹരമെത്തി. 83-ാം മിനിട്ടിൽ കോഡി ഗാപ്കോ ഇടതുവിംഗിലൂടെ പന്തുമായി കയറി സൈഡ് ലൈനിന് അരികിൽ നിന്ന് ബോക്സിലേക്ക് തിരിച്ചുനൽകിയ പന്താണ് പോസ്റ്റിന് മുന്നിൽ നിന്ന് മാലെൻ വലയിൽ കയറ്റിയത്.90+3-ാം മിനിട്ടിലാണ് സൈമൺസിന്റെ പാസിൽനിന്ന് മാലെൻ ടീമിന്റെ അവസാന ഗോളും നേടിയത്.

ആസ്ട്രിയയും തുർക്കിയും തമ്മിൽ നടക്കുന്ന അവസാന പ്രീ ക്വാർട്ടറിലെ വിജയിയെയാണ് ഞായറാഴ്ച രാത്രി നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഹോളണ്ട് നേരിടേണ്ടത്.

കോഡി ഗാപ്കോയുടെ ഈ ടൂർണമെന്റിലെ മൂന്നാം ഗോളാണ് ഇന്നലെ പിറന്നത്.

2004ന് ശേഷം ആദ്യമായാണ് ഹോളണ്ട് യൂറോ കപ്പിന്റെ ക്വാർട്ടറിലേക്ക് എത്തുന്നത്.