currency

കോട്ടയം: ബാങ്കിന്റെ സിഡിഎമ്മിലൂടെ നിക്ഷേപിച്ച രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ് സംഭവം നടന്നത്. ഫെഡറല്‍ ബാങ്ക് സിഡിഎം വഴി അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണമാണ് പിടികൂടിയത്. ഇത്തരത്തില്‍ 500 രൂപ നോട്ടിന്റെ 448 പതിപ്പുകളാണ് പൊലീസ് പിടികൂടിയത്.

ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് സിഡിഎം വഴി നിക്ഷേപിച്ചതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന നടപടികളിലേക്ക് പൊലീസ് കടന്നിരിക്കുകയാണെന്നാണ് വിവരം. കള്ളനോട്ട് എത്തിച്ചത് ആരാണ് എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ പൊലീസ് പുറത്തു വിടും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോട്ടയം ജില്ലയില്‍ നിന്ന് 2000 രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടിയിരുന്നു. കറുകച്ചാലിലെ ഒരു വ്യാപാരിക്ക് വ്യാജ കറന്‍സികള്‍ നല്‍കി തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിലാകുകയും ചെയ്തിരുന്നു.