vande-bharat

ന്യൂ‌‌ഡൽഹി: ജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ട്രെയിനാണ് വന്ദേഭാരത്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഇവയ്ക്ക് വേഗത കൂടുതലാണ്. എന്നാൽ ഇത്രയും സൗകര്യങ്ങൾ ഉള്ള പുതിയ വന്ദേഭാരത് ട്രെയിനിൽ ചോർച്ചയുണ്ടെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിൻ നമ്പർ 22416ൽ യാത്ര ചെയ്ത ഒരു യുവതിയാണ് ഇക്കാര്യം തന്റെ എക്സ് പേജിൽ പങ്കുവച്ചത്. സംഭവത്തിന്റെ വീഡിയോയും യുവതി ഇന്നലെ പങ്കുവച്ചിരുന്നു. പുറത്തുവന്ന വീഡിയോയിൽ വന്ദേഭാരത് ട്രെയിനിലെ മുകൾ ഭാഗം ചോർന്ന് അവിടെ നിന്ന് വെള്ളം അകത്തെ സീറ്റിലും തറയിലും വീഴുന്നത് കാണാം. പ്രിയങ്ക സിംഗ് എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേർ റെയിൽവേയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പിന്നാലെ സംഭവത്തിൽ മറുപടിയുമായി നോർത്തേൺ റെയിൽവേയും രംഗത്തെത്തി. പെെപ്പിലുണ്ടായ തടസം കാരണമാണ് കോച്ചിൽ ചോർച്ച ഉണ്ടായതെന്നും അത് അധികൃതർ ശരിയാക്കിയിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. അസൗകര്യത്തിന് ഖേദിക്കുന്നതായും റെയിൽവേ കൂട്ടിച്ചേർത്തു.

Slight water leakage was observed in coach because of temporary blockage of pipes! The same was attended and rectified by the staff on the train .

The inconvenience caused is regretted.

— Northern Railway (@RailwayNorthern) July 2, 2024

.

മുൻപ് തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് ട്രെയിനിലും സമാനമായ പ്രശ്നം ഉണ്ടായിട്ടുണ്ട്. ട്രെയിൻ കണ്ണൂരിൽ നിർത്തിയ സമയത്ത് ഒരു കോച്ചിൽ എസി വെന്റിലൂടെ വെള്ളം വീഴുകയായിരുന്നു. തുടർന്ന് അധികൃതർ അന്ന് പ്രശ്നം പരിഹരിച്ചതായാണ് റിപ്പോർട്ട്.