ഏതൊരു മനുഷ്യനും സുഖമായും സമാധാനമായും ജീവിക്കാൻ പണം ആവശ്യമുണ്ട്. ചിലർക്ക് എത്ര സമ്പാദിക്കാനായാലും അത്രതന്നെ ചിലവ് വരുന്നതിനാൽ ഒട്ടും മനസുഖമുണ്ടാകില്ല. വീട്ടിൽ സമ്പത്ത് വരാൻ ചില കാര്യങ്ങൾ ശ്രദ്ധ ചെലുത്തണമെന്നാണ് വാസ്‌തുകാരന്മാർ പറയുന്നത്. കേൾക്കുമ്പോൾ നിസാരമായി തോന്നുന്ന കാര്യംപോലും ശ്രദ്ധിക്കുകയാണ് ഇതിന് പ്രതിവിധി.
വീട്ടിലെ ടോയ്‌ലറ്റുകൾ അത്തരത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന സ്ഥലമാണ്. ടോയ്‌ലറ്റുകൾ വീട്ടിൽ വടക്കുകിഴക്കോ അല്ലെങ്കിൽ വടക്കുപടിഞ്ഞാറൻ ദിശയിലോ വേണം. ഇത്തരത്തിൽ കൃത്യമായ സ്ഥാനത്ത് പണിതാൽ സാമ്പത്തികമായി സ്ഥിരതയും പണം കൈവരാനുള്ള സാമ്പത്തിക നേട്ടവുമുണ്ടാകും. ഇക്കാര്യം ശ്രദ്ധാപൂർവം ചെയ്‌തില്ലെങ്കിൽ സാമ്പത്തികനഷ്‌ടം ഉറപ്പാണെന്ന് വിദഗ്ദ്ധർ പറയുന്നു.
വീട്ടിലെ ടോയ്‌ലറ്റിലോ അടുക്കളയിലോ പുറമേയോ എവിടെയെങ്കിലും പൈപ്പ് ചോർച്ചയുണ്ടെങ്കിൽ അതും വേഗം പരിഹരിച്ചോളൂ.ചെറുതാണെങ്കിൽ പോലും കുടിവെള്ള ചോർച്ച സാമ്പത്തിക ബുദ്ധിമുട്ടിനും അമിത ധനചിലവിനും ഇടവരുത്തും.
ജലസംഭരണി അഥവാ ടാങ്ക് വീട്ടിൽ സ്ഥാപിക്കുന്നതിനും ചില കണക്കുകൾ വാസ്‌തു ശാസ്‌ത്രപ്രകാരമുണ്ട്. തെക്കുകിഴക്കായോ വടക്കുകിഴക്കായോ ടാങ്കുകൾ സ്ഥാപിക്കരുത്. ഇത് സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പുറമേ രോഗാവസ്ഥകൾക്കും കാരണമാകും. എവിടെ കൃത്യമായി ഇവ സ്ഥാപിക്കണമെന്ന് വാസ്‌തുവിദഗ്ദ്ധനെ വരുത്തി സ്ഥലം പരിശോധിച്ച ശേഷം തീരുമാനിക്കാം.
ധനാഗമനത്തിന് വീട്ടിൽ ചില ചെടികൾ വളർത്തുന്നതും നല്ലതാണ്. മണി പ്ളാന്റ്, മുള,റബ്ബർ എന്നിവ വീട്ടിൽ വളർത്തുന്നത് നല്ലതാണ്. ഐശ്വര്യവും സമ്പത്തും വർദ്ധിക്കാൻ ഇവ നല്ലതാണെന്നാണ് വാസ്തു ആചാര്യന്മാരുടെ അഭിപ്രായം.