ദിസ്‌പൂർ: അസാമിൽ ദിവസങ്ങളായി തുടരുന്ന പ്രളയത്തിൽ മരണം 38 ആയി. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള നദികൾ കരകവിഞ്ഞൊഴുകുകയാണ്. സംസ്ഥാനത്ത് 11.34 ലക്ഷം ആളുകളെ പ്രളയം ബാധിച്ചെന്ന് അധികൃതർ അറിയിച്ചു. അതിനിടെ വെള്ളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്കിലെ 11 മൃഗങ്ങൾ ചത്തു. 65 മൃഗങ്ങളെ രക്ഷപ്പെടുത്തി.
ലഖിംപൂർ, ദരാംഗ്, ഗോലാഘട്ട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പ്രളയത്തിൽ 42,476 ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് 489 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പല പ്രദേശങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്.