railway

ന്യൂഡല്‍ഹി: മാറ്റത്തിന്റെ പാതയിലാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേ. വന്ദേഭാരത്, വന്ദേഭാരത് മെട്രോ, വന്ദേഭാരത് സ്ലീപ്പര്‍, ബുള്ളറ്റ് ട്രെയിന്‍ എന്നിങ്ങനെ അടിമുടി മാറുകയാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ആധുനികവത്കരണവും ഉയര്‍ന്ന ക്ലാസിലെ യാത്രയ്ക്കായുള്ള ട്രെയിനുകളും വര്‍ദ്ധിക്കുമ്പോള്‍ അത് സാധാരണക്കാരനെ പാടെമറന്നുള്ള വികസനമാണെന്ന ആരോപണം ശക്തമാണ്. മുന്തിയ ഇനം ട്രെയിനുകള്‍ നിര്‍മ്മിക്കുന്ന തിരക്കില്‍ സാധാരണക്കാരെ മറക്കുന്നുവെന്ന പരാതിക്ക് പരിഹാരം കാണുകയാണ് റെയില്‍വേ ഇപ്പോള്‍.

ജനറല്‍ ടിക്കറ്റ് എടുത്ത ശേഷം സ്ലീപ്പര്‍, എ.സി. കോച്ചുകളിലേക്ക് കയറുന്നതും പ്രീമിയം ട്രെയിന്‍ ആയ വന്ദേഭാരതില്‍ പോലും ലോക്കല്‍ ടിക്കറ്റ് എടുത്ത ശേഷം കയറുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് മാറ്റത്തിന് സമയമായെന്ന് റെയില്‍വേ തിരിച്ചറിയുന്നത്. കംപാര്‍ട്‌മെന്റ് മാറി കയറുന്ന സംഭവങ്ങള്‍ കയ്യാങ്കളിയിലേക്ക് എത്തുന്നത് വര്‍ദ്ധിച്ചതോടെ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ ഇപ്പോള്‍.

ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ലീപ്പര്‍, ജനറല്‍ കോച്ചുകള്‍ കുറച്ച് തേര്‍ഡ് എസി കോച്ചുകള്‍ കൂട്ടാനായിരുന്നു നേരത്തെ റെയില്‍വേയുടെ പദ്ധതി. എന്നാല്‍ 2024-25 വര്‍ഷത്തില്‍ നിര്‍മിക്കുന്ന 6325 എല്‍.ബി.എച്ച് കോച്ചുകളില്‍ 4075 എണ്ണം സ്ലീപ്പര്‍ / ജനറല്‍ കോച്ചുകളാക്കാനാണ് റെയില്‍വേയുടെ പുതിയ തീരുമാനം. ജനറല്‍ ക്ലാസ് കോച്ചുകളുടെ എണ്ണം 1,171ല്‍ നിന്നും 2,000 ആക്കും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, റെയില്‍ കോച്ച് ഫാക്ടറി കപൂര്‍ത്തല, മോഡേണ്‍ കോച്ച് ഫാക്ടറി റായ്ബറേലി എന്നിവിടങ്ങളിലായിരിക്കും പുതിയ കോച്ചുകള്‍ നിര്‍മ്മിക്കുന്നത്.

ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍ കൂടുതല്‍ വില്‍ക്കുന്നതിനായി അത്തരം കോച്ചുകള്‍ നിര്‍മ്മിക്കുന്നത് കൂട്ടിയപ്പോള്‍ ജനറല്‍ കോച്ചുകള്‍ നിര്‍മിക്കേണ്ട അത്യാവശ്യം ഒരുവേള റെയില്‍വേ മറന്നിരുന്നു. പുതിയ ജനറല്‍ കോച്ചുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതില്‍ 18 കോടി യാത്രക്കാരെ രാജ്യവ്യാപകമായി ഉള്‍ക്കൊള്ളിക്കാന്‍ കഴിയും എന്നതാണ് പ്രധാന സവിശേഷത. നേരത്തെ ദീര്‍ഘദൂര എക്സ്പ്രസ് ട്രെയിനുകളിലുണ്ടായിരുന്ന നാല് സെക്കന്റ് ക്ലാസ് കോച്ചുകള്‍ പതിയെ രണ്ടായി കുറച്ചു.

സെക്കന്റ് ക്ലാസ് കോച്ചുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനൊപ്പം റിസര്‍വ്ഡ് ക്ലാസുകളിലേക്ക് ആളുകള്‍ തള്ളിക്കയറാനും തുടങ്ങിയത് പ്രശ്‌നങ്ങള്‍ക്ക് കാരണമായതോടെയാണ് റെയില്‍വേ തീരുമാനം മാറ്റിയത്. നിലവില്‍ രണ്ട് ജനറല്‍ കോച്ചുകളുള്ള ട്രെയിനുകളില്‍ നാല് ജനറല്‍ ക്ലാസ് കോച്ചുകളാക്കി ഉയര്‍ത്താനാണ് റെയില്‍വേ ആലോചിക്കുന്നത്. ജനറല്‍ കോച്ചുകളില്ലാത്ത ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്.