
ലക്നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ആൾദൈവം ഭോലെ ബാബയുടെ പ്രാർത്ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും 121 പേർ മരിച്ചതിൽ  സംസ്ഥാന സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.  സംഭവം റിട്ട. ഹൈക്കോടതി ജഡ്ജി അന്വേഷിക്കും. അപകട കാരണങ്ങളും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സൗകര്യങ്ങളുടെ അഭാവവും പരിശോധിക്കുന്ന കമ്മിറ്റി, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകളും സമർപ്പിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ സഹായം  പ്രഖ്യാപിച്ചു. മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുൾപ്പെടെ സർക്കാർ ഏറ്റെടുത്തു. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ആറു പേർ മറ്റ് സംസ്ഥാനക്കാരാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആദിത്യനാഥിനെ വിളിച്ച് സ്ഥിതി വിലയിരുത്തി. അതേസമയം, പരിക്കേറ്റവർ ചികിത്സയിലാണ്..
ഭോലെ ബാബ യാത്രചെയ്‌ത കാർ പോയ വഴിയിലെ പൊടി ശേഖരിക്കാൻ ജനങ്ങൾ തിക്കിതിരക്കിയതാണ് ഹത്രാസിലെ വൻദുരന്തത്തിന് കാരണമായതെന്ന് നിഗമനം. ദുരന്തത്തിന് സംഘാടകരുടെ ഉത്തരവാദിത്വമില്ലായ്‌മയും പൊലീസുകാരുടെ കുറവും ആക്കം കൂട്ടി. ആത്മീയനേതാവായ സൂരജ് പൽ എന്ന നാരായൺ സാകർ ഹരി പരിപാടിയ്ക്ക് ശേഷം പുറത്തേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന്റെ കാറിന്റെ ടയറിൽ നിന്നുള്ള പൊടി പ്രസാദമായി ശേഖരിക്കാൻ ശ്രമിക്കവെയാണ് കുട്ടികളും സ്ത്രീകളുമടക്കം തിരക്കിൽ പുറത്തേക്ക് വീണത്. ചവിട്ടേറ്റ് പലരുടെയും ശരീരം തകർന്നു.
പൊലീസ് എഫ്ഐആർ പ്രകാരം 80,000 പേർ പങ്കെടുക്കുന്ന പരിപാടിയ്ക്കാണ് അനുമതി നൽകിയിരുന്നത്. എന്നാൽ രണ്ടര ലക്ഷത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു എന്നാണ് വിവരം. സൂരജ് പലിന്റെ സേവാദർ എന്ന് വിളിക്കുന്ന അനുചരന്മാർ ജനങ്ങളെ അദ്ദേഹം തൊടാതിരിക്കാൻ വലിയ വടികൊണ്ട് തടഞ്ഞു. ഇതാണ് കടുത്ത തിരക്കിന് കാരണമായത്. ലക്ഷങ്ങൾ പങ്കെടുത്ത പരിപാടിയിൽ സുരക്ഷയൊരുക്കാൻ ആകെ 40 പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്.